ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അഞ്ച് മണ്ഡലങ്ങളിലും മുന്നണികളിലെ നേതാക്കള്‍ സ്ഥാനാര്‍ത്ഥിക്ക് പിന്തുണയുമായി എത്തുകയാണ്. മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും എത്തി. ഉപതെരഞ്ഞെടുപ്പുകൾ കഴിഞ്ഞ തെറ്റുകൾ തിരുത്താനുള്ള അവസരമായി ജനങ്ങൾ കാണുന്നുണ്ടെന്നും അതാണ് പാലായില്‍ കണ്ടതെന്നും മുഖ്യമന്ത്രി മഞ്ചേശ്വരത്ത് പറഞ്ഞു. ഉപതെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിയുടെ വോട്ട് ഘട്ടം ഘട്ടമായി കൂടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫും ബിജെപിയും രാഷ്ട്രീയം പറയുന്നില്ല. മഞ്ചേശ്വരത്ത് ഇടത് സ്ഥാനാര്‍ത്ഥി ശങ്കര്‍ റേയ് വിശ്വാസിയായതാണ് ചിലരുടെ പ്രശ്നം. ഈ പരിപാടിയിൽ പോലും മഹാഭൂരിപക്ഷം വിശ്വാസികളാണ്. എന്തിനാണ് വേവലായിതെന്നും വര്‍ഗീയ കാര്‍ഡ് ഇറക്കാനാണ് പലരും ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ശങ്കര്‍ റൈയെ എല്ലാവര്‍ക്കും അറിയാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ചെന്നിത്തലയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവും ഉയര്‍ത്തി.ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരം. അങ്ങോട്ടൊക്കെ താങ്കള്‍ എന്താണെന്ന് അറിയാം, മഞ്ചേശ്വരത്തെ പാവങ്ങളുടെ മുന്നില്‍ വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വീട്ടില്‍ ടിവിയിൽ വാർത്ത (സോളാര്‍) കാണാൻ പറ്റാത്ത സാഹചര്യം ഉണ്ടായിരുന്നു കേരളത്തിൽ. ഏറ്റവും അഴിമതി നിറഞ്ഞ സംസ്ഥാനം എന്ന നിലയില്‍ നിന്നും അഴിമതി കുറഞ്ഞ സംസ്ഥാനം എന്ന നിലയിലേക്ക് കേരളം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 30,000 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി ഈ വര്‍ഷം നടപ്പാക്കുന്നത്. ബേക്കൽ – കോവളം 600 കിലോമീറ്റർ ജലപാത അടുത്ത വര്‍ഷം പൂര്‍ത്തിയാകും, ഇത് വരുന്നതോടെ നാടിന്‍റെ മുഖച്ഛായ മാറും. റെയിൽ യാത്രാദുരിതം ശാപമായി നിൽക്കുകയാണ്.
സെമി ഹൈ സ്പീഡ് റെയിൽവേ ലൈൻ വരുന്നതോടെ നാല് മണിക്കൂർ കൊണ്ട് കാസർഗോഡ് നിന്നു തിരുവനന്തപുരം എത്തുമെന്നും കാര്യങ്ങള്‍ ദ്രുതഗതിയില്‍ നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടമണ്‍ – കൊച്ചി പവർ ഹൈവേ പണി പൂർത്തിയായി, ഇതിലൂടെ 3700 മെഗാവാട്ട് വൈദ്യുതി ലഭിക്കാനുള്ള സൗകര്യമുണ്ട്. പ്രവാസികൾക്ക് പണം അയക്കാനുള്ള മാർഗമായി കേരള ബാങ്കിനെ മാറ്റും. നല്ല കാര്യങ്ങൾ നടക്കുമ്പോൾ അപശബ്ദങ്ങൾ ഉണ്ടാകുമെന്നും അതിനെ കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.