പോളിംഗില്‍ മുന്നില്‍ ചേലക്കര, വയനാട് ഏറെ പിന്നില്‍; കുറഞ്ഞ പോളിംഗ് ഇടത് കേന്ദ്രങ്ങളിലെന്ന് യുഡിഎഫ്; നവംബര്‍ 23ന് ഫല പ്രഖ്യാപനം

സംസ്ഥാനം ഉറ്റുനോക്കിയ ഇരു മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ഉപതിരഞ്ഞെടുപ്പ് നടന്ന ചേലക്കരയിലും വയനാട്ടിലും കഴിഞ്ഞ തവണത്തേക്കാള്‍ കുറഞ്ഞ പോളിങ് ശതമാനം രേഖപ്പെടുത്തി. എന്നാല്‍ ഇത്തവണ വയനാട്ടിനേക്കാള്‍ കൂടുതല്‍ ജനങ്ങള്‍ പോളിംഗ് ബൂത്തിലെത്തിയത് ചേലക്കരയിലായിരുന്നു.

വയനാട് ലോക്‌സഭ മണ്ഡലത്തില്‍ രാവിലെ മുതല്‍ മന്ദ ഗതിയിലായിരുന്നു പോളിങ്. ഉച്ചയ്ക്ക് ശേഷവും വലിയ തിരക്ക് പോളിങ് ബൂത്തുകളില്‍ അനുഭവപ്പെട്ടിരുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ കണക്കുകള്‍ അനുസരിച്ച് 64.53 ശതമാനമാണ് ഇത്തവണത്തെ വയനാട്ടില്‍ രേഖപ്പെടുത്തിയ പോളിങ്.

അതേസമയം ചേലക്കര നിയോജക മണ്ഡലത്തില്‍ ഇത്തവണ 70 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇരു മണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ത്ഥിയായിരുന്ന തിരഞ്ഞെടുപ്പില്‍ 73 ശതമാനമായിരുന്നു പോളിങ്.

ചേലക്കരയിലും സമാനമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ തവണ 77.43 ശതമാനമായിരുന്നു ചേലക്കര നിയോജക മണ്ഡലത്തിലെ പോളിങ്. ഇരു മണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ പോളിങ് ശതമാനത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇരു മണ്ഡലങ്ങളിലും ഇടത് ശക്തികേന്ദ്രങ്ങളിലാണ് പോളിങ് കുറഞ്ഞതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു.

നവംബര്‍ 23ന് ആണ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക. വയനാടിനും ചേലക്കരയ്ക്കും ഒപ്പം ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്ന പാലക്കാട് മണ്ഡലത്തില്‍ കല്‍പ്പാത്തി രഥോത്സവത്തെ തുടര്‍ന്ന് നവംബര്‍ 20ലേക്ക് തിരഞ്ഞെടുപ്പ് തീയതി മാറ്റിയിരുന്നു.