ഓഖി ദുരന്തം; ചെല്ലാനത്തെ നിരാഹാര സമരം ഒത്തുതീർപ്പായി, തിരുവനന്തപുരത്ത് ദേശീയ പാത ഉപരോധം തുടരുന്നു

ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച ചെല്ലാനത്ത് നാട്ടുകാര്‍ നടത്തി വന്ന റിലേ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കി. ആറാം ദിവസമായ ഇന്ന് സമരക്കാരുമായി ജില്ലാ കളക്ടറും ജനപ്രതിനിധികളും ചേർന്ന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സമരക്കാർ മുന്നോട്ടു വെച്ച പ്രധാനപ്പെട്ട ആറ് ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

എന്നാൽ കാണാതായ മത്സ്യ തൊഴിലാളികളെ ഉടൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് തീരദേശവാസികൾ ദേശീയ പാത ഉപരോധം നടത്തുകയാണ്. ഇന്ന് രാവിലെയാണ് ഉപരോധം ആരംഭിച്ചത്. ജില്ലാ കളക്ടർ, മന്ത്രി മേഴ്‌സികുട്ടിയമ്മ എന്നിവർ നേരിട്ടെത്തി തങ്ങളോട് ചർച്ച നടത്തണമെന്നുമാണ് സമരക്കാരുടെ ആവശ്യം. അതേസമയം ചെല്ലാനത്തെ സമരം ഒത്തു തീർപ്പായ പശ്ചാത്തലത്തിൽ അംഗീകരിച്ച ആവശ്യങ്ങൾ കാലതാമസം വരുത്താതെ തീർപ്പാക്കണമെന്നും സമരക്കാർ വ്യക്തമാക്കി.

കടല്‍തീരത്ത് അടിയന്തിരമായി കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കണമെന്നായിരുന്നു പ്രധാന ആവശ്യം. കടല്‍ഭിത്തി നിര്‍മ്മാണം ഫ്രെബുവരി അവസാനത്തോടെ ആരംഭിക്കുമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി. ചെല്ലാനം പ്രദേശത്ത് സൗജന്യ റേഷന്‍ നല്‍കാനും ധാരണയായി. മൂന്ന് ദിവസത്തിനുള്ളില്‍ പ്രദേശത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെല്ലാനത്തെ തകര്‍ന്ന വീടുകള്‍ പരിശോധിച്ച് വേണ്ട ധനസഹായം നല്‍കുകയും ചെയ്യും. എന്നാൽ നിര്‍മ്മാണം ഉടന്‍ ആരംഭിച്ചില്ലെങ്കില്‍ രണ്ടാം ഘട്ട സമരം ഏപ്രിലോടെ ആരംഭിക്കുമെന്നും സമരക്കാര്‍ അറിയിച്ചു.