ശ്രീജിത്തിനു പിന്തുണയുമായി ചെന്നിത്തല; 'സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉടന്‍ നടപടിയുണ്ടാകണം'

സ്വന്തം അനുജനു വേണ്ടി തിരുവനന്തപുരത്തെ ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയേറ്റിനു മുന്നില്‍ നിരാഹരസമരം കിടക്കുന്ന നെയ്യാറ്റിങ്കര സ്വദേശി ശ്രീജിത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ഒത്തുതീര്‍ക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉടന്‍ നടപടിയുണ്ടാകണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയെന്നും ശ്രീജിത്തിന് നീതി തേടിയുള്ള സോഷ്യല്‍ മീഡിയയുടെ ആവശ്യത്തോടൊപ്പം താനും നിലകൊള്ളുന്നതായും അദ്ദേഹം വ്യക്തമാക്കി.

ശ്രീജിത്തിന്റെ സഹോദരനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊന്നതില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് നിരാഹരം. പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയെ സ്നേഹിച്ചതിന്റെ പേരിലായിരുന്നു ശ്രീജിവിനെ പൊലീസുകാര്‍ ലോക്കപ്പില്‍ വച്ച് മര്‍ദിച്ചു കൊന്നത്. സംഭവത്തില്‍ പൊലീസ് കംബ്ലൈന്റ് അതോറിറ്റി കുറ്റക്കാരെന്നു കണ്ടെത്തുകയും തുടരന്വേഷണത്തിനു ഉത്തരവിടുകയും ചെയ്തിട്ടും പൊലീസുകാര്‍ക്കു എതിരെ നടപടി ഉണ്ടായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് നിരാഹര സമരം ആരംഭിച്ചത്.

അതേസമയം ശ്രീജിത്തിന് പിന്തുണയുമായി സിനിമാ താരം നിവിന്‍ പോളിയും രംഗത്തെത്തി. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് നിവിന്‍ ശ്രീജിത്തിനുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്. തീവ്രവേദനയില്‍ 762 ദിവസങ്ങള്‍. ഹൃദയം തകരുകയാണ് ഇതു കാണുമ്പോള്‍. തന്റെ സഹോദരന്റെ മരണത്തിനു പിന്നിലുള്ള സത്യം അറിയാനുള്ള അവകാശം ശ്രീജിത്തിനുണ്ട്. ഈ രാജ്യത്തെ ഓരോ പൗരനുമുള്ളതുപോലെ നീതി ശ്രീജിത്തിനും അവകാശപ്പെട്ടതാണ്. ഞാനും നിന്നോടൊപ്പമുണ്ട് സഹോദരാ. ഈ ഒറ്റയാള്‍ പോരാട്ടത്തിന് എന്റെ അഭിനന്ദനം. നിവിന്‍ പോളി തന്റെ ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു.