സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുള്ള കെ വി തോമസിന്റെ തീരുമാനം രാഷ്ട്രീയ ആത്മഹത്യയെന്ന് ചെറിയാന്‍ ഫിലിപ്പ്. അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സെമിനാറില്‍ പങ്കെടുക്കുമെന്ന് ഇന്ന് വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കെ വി തോമസ് അറിയിച്ചത്. കണ്ണൂരില്‍ പോയാല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കും എന്നാണ് ഭീഷണി. അത് ശരിയാണോ എന്നാലോചിക്കണം. ഞാന്‍ ഈ പാര്‍ട്ടിയില്‍ നൂലില്‍ കെട്ടി ഇറക്കിയ ആളല്ല. എന്നിട്ടും എന്നെ അപമാനിക്കാമോ? ഈ അപമാനം സഹിക്കാന്‍ കഴിയില്ലെന്നും കെ വി തോമസ് പറഞ്ഞിരുന്നു. താന്‍ കോണ്‍ഗ്രസുകാരന്‍ തന്നെയാണ്. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോകില്ല. പുറത്താക്കാനുള്ള അധികാരം എ.ഐ.സി.സിക്ക് മാത്രമാണെന്നാണ് കെ വി തോമസ് വ്യക്തമാക്കിയത്.
സെമിനാറില്‍ പങ്കെടുക്കുന്നതിനെതിരെ നേരത്തെയും ചെറിയാന്‍ ഫിലിപ്പ് കെ വി തോമസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. സിപിഎമ്മിന്റെ പ്രണയ തട്ടിപ്പില്‍ കെ.വി തോമസ് ദയവായി കുടുങ്ങരുത്. പ്രണയം അഭിനയിച്ച് അടുത്തു കൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസാണ് സിപിഎം.
ഇഎംഎസ് ഉള്‍പ്പെടെയുള്ളവര്‍ തന്നെ സി പി എം വേദികളിലേക്ക് ആനയിച്ചിരുന്നു. അന്നത്തെ സ്റ്റേഹം വ്യാജമാണെന്ന് സഹയാത്രികനായ ശേഷമാണ് ബോദ്ധ്യപ്പെട്ടത്. കോണ്‍ഗ്രസിന്റെ ജനാധിപത്യ സംസ്‌ക്കാരത്തില്‍ ജനിച്ചു വളര്‍ന്ന കെ.വി തോമസിന് സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ഒരിക്കലും പൊരുത്തപ്പെടാനാവില്ലെന്നും ചെറിയാന്‍ പറഞ്ഞിരുന്നു.