ചെർപ്പുളശേരിയിൽ സംഘപരിവാർ നേതൃത്വത്തിൽ ആരംഭിച്ച ഹിന്ദുസ്ഥാൻ ഡെവലപ്മെന്റ് ബാങ്ക് കേസിൽ മുൻ ആർ.എസ്.എസ് നേതാവ് അറസ്റ്റിൽ. എച്ച്.ഡി.ബി നിധി ലിമിറ്റഡ് ചെയർമാൻ സുരേഷ് കൃഷ്ണയാണ് അറസ്റ്റിലായത്. നിക്ഷേപം വാങ്ങി കബളിപ്പിച്ചുവെന്ന ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകരുടെ പരാതിയിലാണ് നടപടി.
ഹിന്ദുമത വിശ്വാസികളുടെ ഉന്നമനത്തിനു വേണ്ടി ലാഭം വിനിയോഗിക്കും എന്നു പറഞ്ഞാണ് ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങുകയും നിരവധി പേരില്‍ നിന്നായി പണം പിരിക്കുകയും ചെയ്തത്. ഹിന്ദുസ്ഥാൻ ഡെവലപ്മെൻറ് ബെനിഫിറ്റ്സ് നിധി ലിമിറ്റഡ് എന്ന പേരിൽ ആരംഭിച്ച ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ഒരു വർഷത്തിനുള്ളിൽ കോടികൾ സമാഹരിച്ച് അടച്ചുപൂട്ടിയതെന്ന് നിക്ഷേപകർ പറയുന്നു. 2020 ഫെബ്രുവരിയിലാണ് ചെർപ്പുളശ്ശേരിയിൽ സ്ഥാപനം പ്രവർത്തനമാരംഭിച്ചത്. ബാങ്കിതര ധനകാര്യ സ്ഥാപനമായിട്ടാണ് ഇത് കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് വകുപ്പിൽ രജിസ്റ്റർ ചെയ്തത്.
സംഘ്പരിവാർ സംഘടനകളിലെ പ്രാദേശിക നേതാക്കളാണ് നടത്തിപ്പുകാർ. ഹിന്ദുക്കൾക്കു വേണ്ടിയുള്ള സ്ഥാപനം എന്ന നിലക്കാണ് ഇവർ പരിചയപ്പെടുത്തിയത്. സംഘ്പരിവാർ പ്രവർത്തകരിൽനിന്നും അനുഭാവികളിൽനിന്നുമാണ് ഓഹരിയും നിക്ഷേപവും സ്വീകരിച്ചത്. ഉയർന്ന പലിശ വാഗ്ദാനം ചെയ്തിരുന്നു.