ചേര്‍ത്തല കുറുപ്പന്‍കുളങ്ങരയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ആശങ്ക പരത്തുന്നു. നിപബാധയെന്ന സ്ഥിരീകരണമില്ലെങ്കിലും പ്രദേശവാസികള്‍ ആശങ്കയിലായ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ചേര്‍ത്തല തെക്ക് പഞ്ചായത്ത് കുറുപ്പന്‍കുളങ്ങര കണ്ണിക്കാട്ട് മേഖലയിലെ ആളൊഴിഞ്ഞ പഴയ കയര്‍ ഗോഡൗണിലാണ് 150ഓളം വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളായി അടഞ്ഞു കിടക്കുന്ന ഗോഡൗണില്‍ നൂറ് കണക്കിന് വവ്വാലുകളാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഗോഡൗണില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതരെത്തി പരിശോധന നടത്തി. ചത്ത വവ്വാലുകളെ മറവ് ചെയ്തു. സാമ്പിളുകള്‍ പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്.
ഏറെ നാളായി തുറന്ന് കിടന്ന് ഗോഡൗണിന്റെ വാതില്‍ ശക്തമായ കാറ്റിനെ തുടര്‍ന്ന് അടഞ്ഞു പോയിരുന്നു. ഇതിനാല്‍ ശ്വാസം മുട്ടിയാകാം വവ്വാലുകള്‍ ചത്തതെന്നാണ് പ്രാഥമിക നിഗമനം