ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ 13 കള്ളവോട്ടു കൂടി നടന്നതായി തെളിഞ്ഞെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ പാമ്പുരുത്തിയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്തും കള്ളവോട്ട് നടന്നതായാണ് മീണ സ്ഥിരീകരിച്ചത്. കള്ളവോട്ട് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും ഇത് ചെയ്തവര്‍ക്ക് എതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
പാമ്പുരുത്തി മാപ്പിള എ.യു.പി സ്‌കൂളിലും ധര്‍മ്മടത്ത് ബൂത്ത് നമ്പര്‍ 52ലുമാണ് കള്ളവോട്ട് നടന്നത്. പാമ്പുരുത്തിയില്‍ ഒമ്പതു പേരാണ് കള്ളവോട്ട് ചെയ്തത്. 12 വോട്ടുകള്‍ ഇത്തരത്തില്‍ ചെയ്തിട്ടുണ്ട്. ധര്‍മ്മടത്ത് ഒരു കള്ളവോട്ടാണ് നടന്നത്. പോളിംഗ് സ്റ്റേഷനിലെ വീഡിയോ പരിശോധിച്ചാണ് കള്ളവോട്ട് ചെയ്തവരെ കണ്ടെത്തിയത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ശ്രീമതിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥി കെ. സുധാകരന്റേയും പോളിംഗ് ഏജന്റുമാരാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും റിട്ടേണിംഗ് ഓഫീസര്‍ക്കും പരാതി നല്‍കിയത്. ഗള്‍ഫിലുള്ള ചിലരുടെ പേരില്‍ കള്ളവോട്ട് നടന്നുവെന്നായിരുന്നു പരാതി. തുടര്‍ന്ന് ജില്ലാ കലക്ടര്‍ അന്വേഷണം നടത്തി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കി.
പാമ്പുരുത്തിയിലെ പ്രിസൈഡിംഗ് ഓഫിസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവരുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായാണ് ജില്ലാ കളക്ടര്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
കുറ്റക്കാര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം സെക്ഷന്‍ 171 സി, ഡി, എഫ് പ്രകാരം ക്രിമിനല്‍ കേസെടുക്കും. ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 അനുസരിച്ച് കള്ളവോട്ടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും ക്രിമനല്‍ നടപടി സ്വീകരിക്കും.