അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റും; ദാരിദ്ര്യമില്ലാത്ത നവകേരളം എന്ന സ്വപ്നത്തിലേയ്ക്കുള്ള യാത്രയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന ഒരാളുമില്ലാത്ത നാടായി നമ്മുടെ സംസ്ഥാനത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ ഏറ്റവും മുന്തിയ പ്രാധാന്യം നല്‍കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ു. ആ ലക്ഷ്യം നേടാനായി വലിയ തോതിലുള്ള ഇടപെടലാണ് തുടര്‍ച്ചയായി നടത്തുന്നത്. നിര്‍ണ്ണായകമായ ഒരു ചുവടുവെപ്പ് അതില്‍ നമുക്ക് നടത്താനായിരിക്കുന്നു. സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യമുക്ത നിയോജകമണ്ഡലമായി ധര്‍മ്മടം ഉയര്‍ന്നതിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തി. 2016 മുതല്‍ സര്‍ക്കാരിനെ നയിക്കുന്ന ആള്‍ എന്ന നിലയില്‍ അഭിമാനകരമായ മുഹൂര്‍ത്തമായിരുന്നു ആ പ്രഖ്യാപനം.

അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനായി ആരംഭിച്ച പദ്ധതി മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണ് ഈ നേട്ടം. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ 2023 നവംബര്‍ 1ന് പൂര്‍ത്തിയായി. ആകെ കണ്ടെത്തിയതില്‍ 30,658 (47.89%) കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് ആദ്യഘട്ടത്തില്‍ മുക്തരാക്കി. അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, ആരോഗ്യ പരിരക്ഷ എന്നിവയ്ക്കാണ് ആദ്യ വര്‍ഷം ഊന്നല്‍ കൊടുത്തത്. അവകാശം അതിവേഗം യജ്ഞത്തിന്റെ ഭാഗമായി 21,263 അവകാശരേഖകളും അടിയന്തിര സേവനങ്ങളും നല്‍കുന്നതിനുള്ള നടപടികളും പൂര്‍ത്തിയാക്കി.

ഭക്ഷണം, ആരോഗ്യം എന്നിവ നേടാന്‍ പ്രാപ്തിയില്ലാത്ത കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം വഴി തടസ്സമില്ലാതെ ഭക്ഷണവും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കുന്നുണ്ട്. അവശേഷിക്കുന്ന കുടുംബങ്ങളെയും അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുവാനുള്ള സജീവ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ഘട്ടത്തില്‍ പൂരോഗമിക്കുകയാണ്. 2025 ഏപ്രില്‍ 15ലെ കണക്കു പ്രകാരം ആകെ കണ്ടെത്തിയ കുടുംബങ്ങളില്‍ 50,401 കുടുംബങ്ങളെ (78.74%) ഇതുവരെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഇനി അതി ദാരിദ്ര്യമുക്തരാക്കാനുള്ള കുടുംബങ്ങളില്‍ ഏറിയ പങ്കും സ്ഥിരവരുമാനം ആവശ്യമുള്ളവരും സുരക്ഷിതമായ വാസസ്ഥലം (വസ്തുവും വീടും, വീട് മാത്രം, നിലവിലെ വീടുകളുടെ പുനരുദ്ധാരണം) ആവശ്യമുള്ളവരുമാണ്.

വരുമാനം നേടാന്‍ പ്രയാസമുള്ള 5350 കുടുംബങ്ങളില്‍ ജീവനോപാധി ആരംഭിയ്ക്കുവാന്‍ശേഷിയുള്ള 4359 കുടുംബങ്ങള്‍ക്ക് കുടുംബശ്രീ സംസ്ഥാന മിഷന്റെ നേതൃത്വത്തിലുള്ള ഉജ്ജീവനം പദ്ധതി വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ടും മറ്റ് വകുപ്പുകള്‍ മുഖേനയും വരുമാനദായക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് സഹായം നല്‍കി. 13 കുടുംബങ്ങള്‍ക്ക് കൂടി വരുമാന മാര്‍ഗ്ഗം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ച് വരുന്നു.

വീട് മാത്രം ആവശ്യമുള്ള 3143 കുടുംബങ്ങള്‍ക്ക് ഇതുവരെ വീട് നിര്‍മ്മാണത്തിനുള്ള ആനുകൂല്യം നല്‍കി. അവയുടെ നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. വസ്തുവും വീടും ആവശ്യമുള്ള 699 കുടുംബങ്ങളുടെയും വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ഭവന പുനരുദ്ധാരണം ആവശ്യമുള്ള കുടുബങ്ങള്‍ക്ക് വര്‍ദ്ധിപ്പിച്ച ആനുകൂല്യം നല്‍കുകയും 4049 വീടുകളുടെ പുനരുദ്ധാരണം പൂര്‍ത്തിയാക്കുകയും ചെയ്തു. വീട് മാത്രമോ വസ്തുവും വീടുമോ ലഭിയ്ക്കുവാന്‍ അര്‍ഹതയുള്ള കുടുംബങ്ങളില്‍ വാടക വീടുകളില്‍ താമസിയ്ക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച 606 കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി കണ്ടെത്തുന്നതിനായി മനസ്സോടിത്തിരി മണ്ണ് പദ്ധതിയുടെ രണ്ടാം ഘട്ടം എല്ലാ ജില്ലകളിലും നടന്നു വരുന്നു. തദ്ദേശ സ്ഥാപന പരിധിയില്‍ ഒഴിഞ്ഞ് കിടക്കുന്ന റവന്യൂ ഭൂമിയും, മറ്റ് വകുപ്പുകളുടെ അധീനതയിലുള്ള ഭൂമിയും ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ കണ്ടെത്തി അതിദരിദ്ര പട്ടികയില്‍ ഉള്‍പ്പെട്ട ഭൂമിയും വീടും ആവശ്യമുള്ളവര്‍ക്ക് അനുവദിച്ച് നല്‍കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. വലിയ പാര്‍സലുകളായി കിടക്കുന്ന ഭൂമികള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കണ്ടെത്തി

അതിദരിദ്രര്‍ക്ക് നല്‍കുക, വ്യക്തിഗത ഗുണഭോക്താക്കള്‍ നേരിട്ട് ഭൂമി വാങ്ങുക എന്നീ സാധ്യതകളും പരിശോധിച്ച് വരുന്നു. സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും യോജിച്ച പ്രവര്‍ത്തനം വഴി മനസ്സോടിത്തിരി മണ്ണ്’ ക്യാമ്പയിന്‍ മുഖേന ഇത് വരെ 8.89 ഏക്കര്‍ ഭൂമിയും റവന്യു വകുപ്പ് മുഖേന 5.5 ഏക്കര്‍ റവന്യു ഭൂമിയും കണ്ടെത്തി.

Read more

2025 നവംബര്‍ 1ന് മുമ്പ് സംസ്ഥാനത്തെ അതിദാരിദ്ര്യത്തില്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ദാരിദ്ര്യമില്ലാത്ത നവകേരളം എന്ന സ്വപ്നത്തിലേയ്ക്കുള്ള യാത്രയില്‍ നമ്മള്‍ താണ്ടുന്ന സുപ്രധാന നാഴികക്കല്ലുകളില്‍ ഒന്നായിയിരിക്കും അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.