രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സേനയായാണ് കേരളാ പോലീസ് പൊതുവേ അംഗീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് സംവിധാനത്തില്‍ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായ ഘട്ടമാണ് കഴിഞ്ഞ എട്ടര വര്‍ഷക്കാലത്തെ സര്‍ക്കാരിന്റെ ഭരണമെന്നും ഇക്കാലയളവില്‍ രാജ്യത്തെ ഏറ്റവും മികച്ച സേന എന്ന നിലയിലേക്ക് കേരളാ പോലീസിനെ പരിവര്‍ത്തിപ്പിക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 2024ലെ മികച്ച സേവനം നടത്തിയ 264 പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള മെഡലുകളുടെ വിതരണവും നടത്തി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ പോലീസിനെ ഫലപ്രദമായി ഉപയോഗിച്ചു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒന്നുംതന്നെ കഴിഞ്ഞ എട്ടര വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ആര്‍ക്കും ഏത് സമയവും ആശ്രയിക്കാവുന്ന, പ്രശ്‌നപരിഹാരത്തിനായി നിര്‍ഭയമായി കടന്നുചെല്ലാവുന്ന ഇടമായി കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ മാറി. സംസ്ഥാനത്തെ ഭൂരിപക്ഷം പോലീസ് സ്റ്റേഷനുകളും വനിതാ വയോജന – ശിശുസൗഹൃദമായി.
സാമ്രാജ്യത്വ ഭരണകാലത്തെ മനോഘടനയില്‍ നിന്നും മുക്തമായി ഒരു ജനകീയ സേന എന്ന നിലയിലേക്കുള്ള കേരളാ പോലീസിന്റെ പരിവര്‍ത്തനമാണ് കഴിഞ്ഞ 68 വര്‍ഷം കൊണ്ട് ഉണ്ടായിട്ടുള്ളത്. പ്രളയകാലത്തും മറ്റ് പ്രകൃതിദുരന്തങ്ങളുടെ കാലത്തും സേന നടത്തിയ ഇടപെടലുകള്‍ പോലീസിനെക്കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ വലിയ മാറ്റം വരുത്തി. കുറ്റാന്വേഷണ മികവില്‍ കേരളാ പോലീസിന് പകരംവെയ്ക്കാന്‍ രാജ്യത്ത് മറ്റൊരു സേനയില്ല. ഒരിക്കലും തെളിയില്ലെന്നു കരുതിയ നിരവധി കേസുകള്‍ സേന തെളിയിച്ചു. സംസ്ഥാനത്തിനകത്തു മാത്രമല്ല, മറ്റു സംസ്ഥാനങ്ങളില്‍ പോയി വരെ പ്രതികളെ പിടികൂടുന്നു. ഇതെല്ലാം കേരളാ പോലീസിന്റെ കുറ്റാന്വേഷണ മികവ് വ്യക്തമാക്കുന്നുണ്ട്.
കുറ്റാന്വേഷണത്തില്‍ ആധുനിക സാങ്കേതികവിദ്യ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുന്ന സേനയും കേരളാ പോലീസാണ്. ഇന്റര്‍നെറ്റും ഫൈബര്‍ കണക്ടിവിറ്റിയും ഇല്ലാത്ത ഒറ്റ പോലീസ് സ്റ്റേഷനും നിലവില്‍ കേരളത്തിലില്ല. ഭീകരാക്രമണത്തിനായി ഉപയോഗിക്കുന്ന ഡ്രോണുകളെ നിശ്ചലമാക്കാനുള്ള തനതുസാങ്കേതികവിദ്യ വരെ ഇന്ന് കേരളാ പോലീസിനുണ്ട്. സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ രംഗത്ത് കേരളാ പോലീസ് ആര്‍ജിച്ച മികവിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
സ്റ്റേറ്റ് പോലീസ് മീഡിയ സെന്ററിന്റെ നേതൃത്വത്തില്‍ ഇതിനായി നിരവധി ബോധവല്‍ക്കരണ പരിപാടികളാണ് നടത്തിവരുന്നത്. ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ‘1930’ എന്ന നമ്പറില്‍ അറിയിക്കണമെന്ന പ്രചാരണത്തിന് മികച്ച പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.
ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യന്നതിനുള്ള വെബ് പേര്‍ട്ടലില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ 31,107 പരാതികളാണ് ലഭിച്ചത്. തട്ടിപ്പുകാര്‍ അപഹരിച്ച തുകയില്‍ 79.81 കോടി രൂപ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞുവെന്നും തട്ടിപ്പിനായി ഉപയോഗിച്ചുവന്ന 32,807 അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളാ പോലീസില്‍ വനിതകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുകയെന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിതനയമാണ്. ഈ ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ വളരെവേഗം അടുത്തുകൊണ്ടിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് കേരളാ പോലീസ് സേനയില്‍ ഉണ്ടാകുന്ന ഒഴിവുകളില്‍ പത്തു ശതമാനം വനിതകള്‍ക്ക് മാത്രമായി നീക്കിവക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.