ദുബായില്‍ ജയിലിലായ തുഷാര്‍ വെള്ളാപ്പള്ളിക്കു വേണ്ടി വ്യക്തിബന്ധത്തിന്റെ പേരിലല്ല ഇടപെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഗള്‍ഫില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് വേണ്ടി മുമ്പും ഇടപെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായി ചെയ്യാന്‍ കഴിയുന്നത് ചെയ്യുക എന്നാണ് ആവശ്യപ്പെട്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചെക്ക് ഇടപാടില്‍ അജ്മാനില്‍ അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കുന്നതിനായി നിയമസഹായം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വൈദ്യസഹായവും സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് അയച്ച കത്തിലൂടെയാണ് ആവശ്യപ്പെട്ടത്.
അതേസമയം ഗോകുലം ഗോപാലന്റെ മകന്‍ ജയിലില്‍ കഴിയുന്നത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, വരട്ടെ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പാലാ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ സര്‍ക്കാരിനും എല്‍ഡിഎഫിനും ആശങ്കയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വാഭാവികമായും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും ഉപതിരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ആശങ്കയുമില്ല, എല്‍ഡിഎഫിന് വിജയസാദ്ധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.