കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നു; കൃത്യമായ വിപണി ഇടപെടല്‍ നടത്തുന്നു; സര്‍ക്കാര്‍ സാധാരണക്കാര്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 

നിത്യോപയോഗ സാധനങ്ങളുടെയും ഭക്ഷ്യോല്‍പ്പന്നങ്ങളുടെയും വില രാജ്യത്ത് കുതിച്ചുയരുന്ന സാഹചര്യമാണുള്ളതെന്നും ഈ വിലക്കയറ്റം കേരളത്തില്‍ ഒരു പരിധിവരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നത് സംസ്ഥാന സര്‍ക്കാറിന്റെ കൃത്യമായ വിപണി ഇടപെടല്‍ മൂലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള സര്‍ക്കാര്‍ ഇടപെടലില്‍ പ്രധാന ശക്തിയായി പ്രവര്‍ത്തിക്കുന്നത് സപ്ലൈകോയാണ്.

ഉത്സവകാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കാനിടയുണ്ട് എന്ന് കണ്ടതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ വിപണിയില്‍ നടത്തുന്നത്.

സംസ്ഥാന വ്യാപകമായിയുള്ള ഫലപ്രദമായ ഇടപെടലില്‍ സപ്ലൈകോയ്‌ക്കൊപ്പം കണ്‍സ്യൂമര്‍ ഫെഡുമുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളും ഉത്സവകാലങ്ങളില്‍ ഇടപെടല്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ വിവിധ മേഖലകളിലെ ഇടപെടലാണ് വിലക്കയറ്റം വലിയ തോതില്‍ ഉയരാതെ തടുത്തു നിര്‍ത്തുന്നത്.

കേരളത്തില്‍ മാത്രമാണ് ഇത്ര വിപുലമായ വിപണി ഇടപെടല്‍ നടത്തുന്നതും വിലക്കയറ്റം ഫലപ്രദമായി തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നതും. ഇത് കൃത്യമായ കാഴ്ചപ്പാടുള്ളതുകൊണ്ടാണ്. സാധാരണക്കാരും പാവപ്പെട്ടവരും വിലക്കയറ്റം മൂലം പൊറുതിമുട്ടരുതെന്ന കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം ഭക്ഷ്യോത്പാദന രംഗത്ത് നല്ല രീതിയില്‍ മുന്നേറുന്ന ഒരു കാലഘട്ടമാണിത്. നെല്ലിന്റെ കാര്യത്തില്‍ ഉത്പാദനക്ഷമത നല്ലതുപോലെ വര്‍ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. നാളികേരത്തിന്റെയും ഉത്പാദനക്ഷമത വര്‍ധിക്കുകയാണ്. കാര്‍ഷികോല്‍പ്പന്നങ്ങളെ മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന നടപടികളും സ്വീകരിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.