ഒരാള്‍ ഒരു പുസ്തകം എഴുതിയാല്‍ അതിന്റെ പ്രകാശനം അറിയേണ്ടെ; ഉപതെരഞ്ഞെടുപ്പ് ദിനത്തില്‍ ഇപിക്കെതിരെ വാര്‍ത്ത നല്‍കിയതില്‍ പ്രത്യേക ലക്ഷ്യം; പിന്തുണച്ച് മുഖ്യമന്ത്രി

ആത്മകഥ വിവാദത്തില്‍ സിപിഎം നേതാവ് ഇപി ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉപതെരഞ്ഞെടുപ്പ് ദിവസംനോക്കി ഇ പി ജയരാജനെതിരെ വാര്‍ത്ത നല്‍കിയത് ചില പ്രത്യേക ലക്ഷ്യത്തോടെയാണ്.ഒരാള്‍ ഒരു പുസ്തകം എഴുതിയാല്‍ അതിന്റെ പ്രകാശനം എഴുതിയയാള്‍ അറിയേണ്ടേ. അയാള്‍ അതില്‍ പങ്കെടുക്കേണ്ട. എഴുതിയയാള്‍ ഇല്ലാതെ ആ പുസ്തകം പ്രകാശനം ചെയ്യാനാകുമോ. എന്നാല്‍ ഇതൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ല. ഇക്കാര്യങ്ങളെല്ലാം ഇ പി ജയരാജന്‍ വ്യക്തമാക്കി. എന്നിട്ടും പലതരത്തില്‍ വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ദിവസവും ഇത്തരത്തില്‍ വാര്‍ത്ത നല്‍കി. ഒന്നര വര്‍ഷം മുമ്പാണ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്. എന്നാല്‍ അന്ന് കണ്ടതുപോലെയാണ് വാര്‍ത്ത നല്‍കിയത്. കേരളത്തെ അപകീര്‍ത്തിപ്പെടുത്തും വിധം വയനാട് ദുരന്തത്തെക്കുറിച്ചും തെറ്റായ വാര്‍ത്ത നല്‍കി. ഇത്തരത്തില്‍ വാര്‍ത്ത മെനഞ്ഞെടുക്കുന്നതിനു പിന്നില്‍ വ്യകതമായ ഉന്നമുണ്ട്. യുഡിഎഫിനെയും ബിജെപിയെയും സഹായിക്കലാണതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, തെരഞ്ഞെടുപ്പ് ദിവസം ആത്മകഥയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത വന്നതിനുപിന്നില്‍ അതിശക്തമായ ഗൂഢാലോചനയുണ്ടെന്ന് ഇ പി ജയരാജന്‍ പറഞ്ഞു. പാലക്കാടും ചേലക്കരയിലുമെല്ലാം എല്‍ഡിഎഫ് ജയിക്കുമെന്ന രാഷ്ട്രീയ സാഹചര്യമുണ്ടായപ്പോള്‍ അതിനെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം. കോണ്‍ഗ്രസിന്റെ വൃത്തികെട്ട രാഷ്ട്രീയമാണിവിടെ കാണുന്നത്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസവും ഇതേ രീതിയുണ്ടായി. തികച്ചും അപ്രതീക്ഷിതമായി ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍ ഇങ്ങോട്ടുവന്ന് പരിചയപ്പെട്ടത് ഒന്നര വര്‍ഷത്തിനുശേഷം തെരഞ്ഞെടുപ്പ് ദിവസം ചാനലുകള്‍ വലിയ വാര്‍ത്തയാക്കി. ഇതുരണ്ടും ഗൂഢാലോചനയുടെ ഭാഗമാണെന്നും അദേഹം പറഞ്ഞു.