'മികച്ച ചികിത്സ ലഭ്യമാക്കിയതിന് നന്ദി'; ആശുപത്രിയിലെത്തി ഉമാ തോമസിനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ​ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയായിരുന്നു മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാൽ അത് തൻ്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്. എല്ലാവരും ഒപ്പമുണ്ടായിരുന്നുവെന്ന് ഉമാ തോമസ് പറഞ്ഞു. നാട് ഒന്നാകെ തന്നെ ഉണ്ടായിരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഇതിനുള്ള മറുപടി. ചികിത്സയിൽ കഴിയുന്ന ഉമാ തോമസിൻ്റെ ആരോ​ഗ്യനിലയിൽ പുരോ​ഗതിയുണ്ട്. അടുത്തയാഴ്ച്ച ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉമ തോമസിൻറെ ആശുപത്രിയിൽ നിന്നുള്ള പുതിയ വീഡിയോ എംഎൽഎയുടെ ഫേസ്ബുക്ക് ടീം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു, തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ രാധാമണി പിള്ള, മറ്റ് സഹപ്രവർത്തകർ എന്നിവരുമായി ഉമ തോമസ് നടത്തിയ വീഡിയോ കോൾ ദൃശ്യങ്ങളും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. ഇപ്പോൾ കുറച്ച് ആശ്വാസമുണ്ടെന്നും വരുന്ന അസംബ്ലിയിൽ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റർ വന്നതിൽ സന്തോഷമെന്നാണ് വീഡിയോ കോളിൽ ഉമാ തോമസ് പറയുന്നത്.

ഐസിയു മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സന്തോഷം പങ്കുവയ്ക്കുകയാണെന്നും ഏവരുടെയും പ്രാർത്ഥനകൾക്ക് ഒരായിരം നന്ദി രേഖപ്പെടുത്തുന്നതായും ഫേസ്ബുക്ക് അഡ്മിൻ കുറിപ്പിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉമ തോമസ് എഴുന്നേറ്റ് ഇരിക്കുകയും എംഎൽഎ ഓഫീസിലെ ജീവനക്കാരെ ഫോണിൽ വിളിച്ച് സംസാരിക്കുകയും നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.