'നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ പങ്കുവെക്കാം, കരുതലോടെ ആഘോഷങ്ങളിൽ പങ്കുചേരാം'; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ലോകമെമ്പാടുമുള്ള മലയാളികൾക്ക് പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം എന്ന് മുഖ്യമന്ത്രി പുതുവത്സര സന്ദേശത്തിൽ പറയുന്നു.

പുതുവർഷത്തെ വരവേൽക്കുകയാണു ലോകം. സമാധാനവും സന്തോഷവും സമത്വവും പുലരുന്ന ഒരു നല്ല നാളെയെ കുറിച്ചുള്ള പ്രതീക്ഷകൾ നമുക്ക് ഈ ആഘോഷവേളയിൽ പങ്കുവെക്കാം. വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണ്. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ നമുക്ക് ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്.

കൂടുതൽ മെച്ചപ്പെട്ട ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള മുന്നേറ്റങ്ങളിൽ അണിനിരന്നു മാത്രമേ വിദ്വേഷ പ്രചരണങ്ങളെ ചെറുക്കാൻ സാധിക്കുകയുള്ളൂ. പുതുവർഷത്തെ വരവേൽക്കാനുള്ള ആഘോഷങ്ങൾ സൗഹാർദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെ. കരുതലോടെ നമുക്ക് ആഘോഷങ്ങളിൽ പങ്കുചേരാം. എല്ലാവർക്കും നവവത്സരാശംസകൾ. എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറിപ്പ്.

Read more

മലയാളികൾക്ക് ഗവർണറും ആശംസകൾ അറിയിച്ചിരുന്നു. കേരളത്തിന്റെ പുരോഗതിയും ക്ഷേമൈശ്വര്യങ്ങളും ലക്ഷ്യമാക്കുന്ന ആശയങ്ങളിലും പ്രവർത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി എല്ലാവർ‍ക്കും സന്തോഷവും സുരക്ഷിതത്വവും ഉറപ്പാക്കുന്ന വർഷമാകട്ടെ 2024 എന്ന് ആശംസിക്കുന്നുവെന്ന് ഗവർണർ സന്ദേശത്തിൽ പറഞ്ഞിരുന്നു.