ആലപ്പുഴയിലെ നവകേരള യാത്രയിൽ പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വളഞ്ഞിട്ട് തല്ലിയ കേസിൽ ഒന്നര മാസത്തിന് ശേഷം മുഖ്യമന്ത്രിയുടെ ഗൺമാനേയും പേഴ്സണൽ സുരക്ഷാ ഉദ്യോഗസ്ഥനേയും ഇന്ന് ചോദ്യം ചെയ്യും. ഗൺമാൻ അനിൽകുമാറിനും സുരക്ഷാ ഉദ്യോഗസ്ഥൻ എസ് സന്ദീപും രാവിലെ പത്തിന് ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ ഹാജരാകാനാണ് നോട്ടീസ്.
ഡിസംബർ 15ന് ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ വച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഇവരിൽ നിന്ന് മർദനമേറ്റത്. അനിൽകുമാറിനും എസ് സന്ദീപിനും പുറമേ കണ്ടാലറിയാവുന്ന മറ്റ് മൂന്ന് ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയിട്ടുള്ളതിനാൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും വിട്ടയക്കും.
മുഖ്യമന്ത്രിയുടെ ഗൺമാന്റെയും പേഴ്സണൽ സുരക്ഷാ ഉദ്യോഗസ്ഥന്റെയും ക്രൂരമർദനത്തിനെതിനെതിര കേസെടുക്കാനാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. മുഖ്യമന്തിയുടെ ജീവൻ രക്ഷിക്കാനുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സ്വഭാവിക നടപടി എന്നായിരുന്നു പൊലീസിൻ്റെ ന്യായം. തുടർന്ന് ഇവരുടെ പരാതിയിൽ ആലപുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ട ശേഷമാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്.