വനംവകുപ്പിന്റെ പരാജയം; ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

തുടർച്ചയായി വീഴ്ചകൾ സംഭവിക്കുന്ന പാശ്ചാത്തലത്തിൽ വനംവകുപ്പിലെ ഉദ്യോഗസ്ഥ തലത്തിൽ അഴിച്ചുപണിക്ക് മുഖ്യമന്ത്രിയുടെ നിർദേശം. ഒന്നരമാസമായി അവധിയിൽ കഴിയുന്ന ഭരണവിഭാഗം എപിസിസിഎഫ് ഫണീന്ദ്ര കുമാർ റാവു അടക്കമുള്ളവരെ ചുമതലകളിൽ നിന്ന് മാറ്റാനാണ് നീക്കം. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് ഉന്നതതല അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.

അതേസമയം വന്യമൃഗങ്ങളുടെ ആക്രമണത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ രാഹുൽ ഗാന്ധി എംപി വയനാട്ടിലെത്തി. കണ്ണൂരിൽ നിന്ന് റോഡു മാർഗമാണ് രാവിലെ ഏഴേ മുക്കാലോടെ രാഹുൽ പടമലയിലെത്തിയത്. ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ വീട്ടിലാണ് രാഹുൽ ആദ്യമെത്തിയത്.

Read more

അതിനു ശേഷം കഴിഞ്ഞ ദിവസം കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പിവി പോളിൻ്റെ പാക്കത്തെ വീട് സന്ദർശിക്കും. കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ഡിസംബറിൽ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിൻ്റെ വീടും അദ്ദേഹം സന്ദർശിക്കും. കൽപ്പറ്റയിൽ പിഡബ്യൂഡി റസ്റ്റ് ഹൗസിൽ ജില്ലാ ഭരണകൂടവുമായി നിലവിലെ സ്ഥിതിഗതികൾ രാഹുൽ ഗാന്ധി വിലയിരുത്തും. ഭാരത് ജോഡോ ന്യായ് യാത്രക്ക് ചെറിയ ഇടവേള നല്‍കിയാണ് രാഹുല്‍ വയനാട്ടില്‍ എത്തിയത്.