ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സർക്കാരിന്റെയും നിയമസഭയുടെയും ഔദ്യോഗിക രേഖകളും പദ്ധതികളും രാഷ്ട്രീയപ്രചാരണത്തിന് ആയുധമാക്കാനൊരുങ്ങി എൽഡിഎഫും ബിജെപിയും. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗങ്ങളാണ് എൽഡിഎഫിന്റെ ആയുധം. കേന്ദ്രപദ്ധതികളുടെ ഗുണഭോക്താക്കളെയാണ് ബിജെപി ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ആധാരമാക്കിയാണ് എൽഡിഎഫ് പ്രചാരണത്തിനിറങ്ങുന്നത്. വിശദീകരണക്കുറിപ്പെന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം. ഇവയെല്ലാം സംയോജിപ്പിച്ച് ലഘുലേഖയാക്കി പരമാവധി വീടുകളിൽ പകർപ്പെത്തിക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. 14 പേജുള്ള ഈ ലഘുലേഖ പിആർഡിയാണ് പുറത്തിറക്കിയത്.
കോൺഗ്രസും ബിജെപിയും ഒരേ നിലപാട് സ്വീകരിക്കുന്നത്, സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം, മൂന്നുവർഷത്തെ സംസ്ഥാന സർക്കാരിൻ്റെ ഭരണനേട്ടം, ക്ഷേമപദ്ധതികളുടെ വിവരങ്ങൾ എല്ലാം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമസഭയിലെ പ്രസംഗങ്ങൾ പൊതുരേഖയായതിനാൽ ഇത് പ്രസിദ്ധീകരിക്കാൻ തടസ്സമില്ല. ഇത് തിരഞ്ഞെടുപ്പിനെ അനുകൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.
എൽഡിഎഫിന്റെ ഈ പ്രചാരണരീതിയെ അപലപിച്ച് കോൺഗ്രസ് രംഗത്തെത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകി. അതേസമയം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പോരായ്മകൾ നിരത്തിയുള്ള കുറ്റപത്രവുമായാണ് യുഡിഎഫ് പ്രചാരണത്തിനുറങ്ങുന്നത്. എൽഡിഎഫ് സർക്കാരിന്റെയും ബിജെപിയുടെയും പോരായ്മകൾ നിരത്തി തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോൺഗ്രസ്സിന്റെ നീക്കം.