ആർഎസ്എസിന്റെ അജണ്ടയാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിറ്റ്ലറിന്റെയും മുസോളിനിയുടെയും ആശയങ്ങളാണ് ആർഎസ്എസിന്റേത്. ആ രീതികൾ രാജ്യത്ത് നടപ്പാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും പിണറായി അഭിപ്രായപ്പെട്ടു. മലപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഇല്ലാതാകുന്നതിൽ ജർമനി സ്വീകരിച്ച നടപടികൾ മാതൃകപരമാണെന്ന് ആർഎസ്എസ് മുമ്പ് പറഞ്ഞിട്ടുണ്ട്. സംഘടന രീതിക്ക് രൂപം കൊടുക്കാൻ ആർഎസ്എസ് നേതാക്കൾ പണ്ട് മുസോളിനിയെ പോയി കണ്ടിട്ടുമുണ്ട്. മുസോളിനിയുടെയും ഹിറ്റ്ലറിന്റെയും രീതികളാണ് അവർ പിന്തുടരുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റി. എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് പോരാടിയത്. മുകൾ ചക്രവർത്തി ഷാജഹാന്റെ മകനായ ധാരാഷികോ സംസ്‌കൃതം പഠിച്ചിരുന്നു. അദ്ദേഹം തർജമ ചെയ്തത് കൊണ്ടാണ് ഉപനിഷത്തുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിയത്.
അസീമുള്ള ഖനാണ് ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയതെന്ന് ആർഎസ്എസ് ഓർക്കണം. ഒരു മുസ്ലിം ഉണ്ടാക്കിയത് കൊണ്ട് ഇനി ആ മുദ്രാവാക്യം വിളിക്കണ്ടെന്ന് വെക്കുമോ എന്ന ചോദ്യമുയർത്തിയ പിണറായി, രാജ്യത്തിന്റെ സംസ്കാരം പ്രകാശ പൂർണമാക്കുന്നതിൽ മുസ്ലിം വിഭാഗവും വലിയ പങ്കു വഹിച്ചിട്ടുണ്ടന്നും ചൂണ്ടിക്കാട്ടി.
Read more
എന്നാൽ ഇന്ത്യയുടെ ആ സാംസ്‌കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിയിൽ അമേരിക്ക പോലും ഇന്ത്യൻ നിലപാടിനെ വിമർശിച്ചു. ചൈനയുൾപ്പെടെ ഉള്ള രാജ്യങ്ങളും സിഎഎ വിഷയത്തിൽ വിമർശനം ഉന്നയിച്ചിരുന്നു. സിഎഎക്കെതിരായി എല്ലാവരെയും ചേർത്ത് നിർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചതെന്നും പിണറായി ചൂണ്ടിക്കാട്ടി.