'പഠിപ്പിക്കാന്‍ നോക്കേണ്ടെന്ന് മുഖ്യമന്ത്രി, 'മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍' എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല, കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ്'; സഭയിൽ വാക്‌പോര്

അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ നിയമസഭയില്‍ വാക്പോര്. മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിലാണ് വാക്പോര്. രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെ പ്രകോപിതനായ മുഖ്യമന്ത്രി ക്ഷുഭിതനായി. തുടർന്നാണ് സഭയിൽ സംഭവ വികാസങ്ങൾ അരങ്ങേറിയത്. സംസ്ഥാനത്ത് വർധിച്ചുവരുന്ന അതിക്രമങ്ങളിൽ സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷുഭിതനായി. ഇടക്ക് ഇടക്ക് മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ചാല്‍ പോര, നാടിന്‍റെ പ്രശ്നം അറിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠിപ്പിക്കാന്‍ നോക്കേണ്ടെന്നും അനാവശ്യ കാര്യങ്ങള്‍ പറയരുതെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന വിളി മോശമല്ലെന്ന് ചെന്നിത്തല മറുപടി പറഞ്ഞു. കുറ്റപ്പെടുത്തുമ്പോള്‍ അസഹിഷ്ണുത എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു.

സംസ്ഥാനത്ത് വർധിക്കുന്ന അതിക്രമങ്ങളും ലഹരി ഉപയോഗവും നിയമസഭ നിർത്തി വെച്ചാണ് ചർച്ച ചെയ്യുന്നത്. രമേശ് ചെന്നിത്തലയാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. കേരളത്തിലെ ഭൂരിഭാഗം അക്രമങ്ങൾക്കും പിന്നിൽ ലഹരിയാണ്. നമ്മുടെ കുഞ്ഞുങ്ങൾ ലഹരിക്ക് അടിമകൾ ആകുന്നുവെന്നും രമേശ് ചെന്നിത്തല സഭയില്‍ പറഞ്ഞു. കേരളം കൊളംബിയ ആയിമാറുന്നു. വിപത്തിനെ നേരിടാൻ ഒരുമിക്കണമെന്ന് പറഞ്ഞ ചെന്നിത്തല സര്‍ക്കാരറിനെയും കുറ്റപ്പെടുത്തി. മിസ്റ്റര്‍ ചീഫ് മിനിസ്റ്റർ സർക്കാരിന്‍റെ ലഹരി വിരുദ്ധ പ്രചാരണം പരാജയപ്പെട്ടുവെന്നും വിമുക്തി പദ്ധതി പൊളിഞ്ഞുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.