മത രാഷ്ട്രീയ സംഘടനകള്‍ക്ക് അഗ്നിശമംന സേനാംഗങ്ങള്‍ പരിശീലനം നല്‍കരുതെന്ന് ഫയര്‍ ഫോഴ്‌സ് മേധാവി ബി സന്ധ്യ. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പരിശീലനം നല്‍കിയ സംഭവം വിവാദമായതിന് പിന്നാലെയാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
സര്‍ക്കാര്‍ അംഗീകൃത സംഘടനകള്‍, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സിവില്‍ ഡിഫന്‍സ് പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രം പരിശീലനം നല്‍കാമെന്നത് ഉള്‍പ്പടെയാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. പരിശീലന അപേക്ഷകളില്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചന വേണമെന്നും ഫയര്‍ഫോഴ്‌സ് മേധാവി നിര്‍ദ്ദേശം നല്‍കി.
ആലുവയില്‍ വച്ച് നടന്ന പോപ്പുലര്‍ ഫ്രണ്ട് പുതുതായി രൂപീകരിച്ച റെസ്‌ക്യൂ ആന്‍ഡ് റിലീഫ് സംഘടനയുടെ ഉദ്ഘാടനത്തിനിടെ അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവം ഗുരുതര വീഴ്ചയെന്ന് ബി. സന്ധ്യ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍കൂര്‍ അനുമതി ഇല്ലാതെയാണ് പരിശീലനം നല്‍കിയത്.
സംഭവത്തില്‍ ആര്‍എഫ്ഒ, ജില്ലാ ഫയര്‍ ഓഫീസര്‍, പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ അഞ്ച് പേര്‍ക്കെതിരെ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. സംഘടനകള്‍ക്ക് അഗ്‌നിശമന സേന പരിശീലനം നല്‍കാറില്ലെന്നാണ് ബി.സന്ധ്യ വ്യക്തമാക്കിയത്.
അപകടത്തില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതും, പ്രാഥമിക ശുശ്രൂഷ നല്‍കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പരിശീലിപ്പിച്ചത്. വിവിധ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധവും പ്രവര്‍ത്തകര്‍ക്ക് കാണിച്ചുകൊടുത്തിരുന്നു. സംഭവത്തിന് പിന്നാലെ വലിയ വിവാദമാണ് ഉണ്ടായത്. നടപടി ചട്ടവിരുദ്ധമാണെന്ന് കാണിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ രംഗത്ത് വന്നിരുന്നു.