ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് വരാം; ഗവര്‍ണറുടെ നിലപാടില്‍ വിശദീകരണവുമായി രാജ്ഭവന്‍

ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടില്‍ വിശദീകരണവുമായി രാജ്ഭവന്‍. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് എത്താമെന്നും രാജ്ഭവന്‍ വിശദീകരിച്ചു. ആവശ്യപ്പെട്ടിട്ടും രാജ്ഭവനിലെത്താതിരുന്ന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നേരത്തെ രാജ്ഭവനിലേക്ക് ഗവര്‍ണര്‍ പ്രവേശനം നിഷേധിച്ചിരുന്നു.

ചില മാധ്യമങ്ങള്‍ പരാമര്‍ശം തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ ആരും രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്നായിരുന്നു ഗവര്‍ണര്‍ ഇന്നലെ സ്വീകരിച്ച നിലപാട്. ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ഗവര്‍ണര്‍ രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു.

എന്നാല്‍ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വരുന്ന പതിവില്ലെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്ക് രാജ്ഭവനില്‍ വിലക്കേര്‍പ്പെടുത്തി ഗവര്‍ണര്‍ രംഗത്തെത്തിയത്. അതേസമയം സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടാന്‍ വരെ സിപിഎം നേതാക്കള്‍ ഗവര്‍ണ്ണറെ വെല്ലുവിളിച്ചു.

Read more