മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട കേസിൽ രൂക്ഷമായ വിമർശനം കേൾക്കേണ്ടി വന്നതിൽ ഒന്നും പ്രതികരിക്കാനില്ലെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സുപ്രീംകോടതിയുടെ വിധി വരട്ടെ, അതിന് ശേഷമേ പ്രതികരിക്കൂ. സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും ചീഫ് സെക്രട്ടറി കോടതി നടപടികൾ പൂർത്തിയാക്കി കേരളാ ഹൗസിലെത്തിയപ്പോൾ പ്രതികരിച്ചു.
എന്നാൽ തെറ്റുതിരുത്തൽ ഹർജിയിലടക്കം പ്രതീക്ഷയുണ്ടെന്നാണ് ഫ്ലാറ്റുടമകൾ വ്യക്തമാക്കിയത്. പല ഫ്ലാറ്റുടമകളായി സുപ്രീംകോടതിയിൽ തെറ്റുതിരുത്തൽ ഹർജികൾ നൽകിയിട്ടുണ്ട്. അത് സുപ്രീംകോടതി പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ഫ്ലാറ്റുടമകൾ പറഞ്ഞു.
എന്നാൽ ഉത്തരവ് വരട്ടെയെന്ന പ്രതികരണം മാത്രമാണ് തദ്ദേശഭരണവകുപ്പ് മന്ത്രി എ സി മൊയ്തീൻ നടത്തുന്നത്. കോടതിയുടെ പരാമർശങ്ങളെല്ലാം ഉത്തരവിലുണ്ടാവണമെന്നില്ല. അതുകൊണ്ടുതന്നെ പരാമർശങ്ങളെ തൽക്കാലം കണക്കിലെടുക്കുന്നില്ലെന്നും മന്ത്രി എ സി മൊയ്തീൻ.
അതേസമയം, നീതിപൂർവമായ ഉത്തരവ് സുപ്രീംകോടതിയുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് മന്ത്രി എം എം മണി ആവശ്യപ്പെട്ടു. “”മനുഷ്യത്വം എന്നൊരുകാര്യമില്ലേ? നഷ്ടപരിഹാരം കെട്ടിട ഉടമകൾ നൽകണമെന്നെങ്കിലും കോടതി ഉത്തരവിടണമായിരുന്നു. പൊളിച്ചാൽ പാരിസ്ഥിതിപ്രശ്നങ്ങളില്ലേ? അതിനാര് പരിഹാരമുണ്ടാക്കും?””, എം എം മണി ചോദിച്ചു.
രാജ്യത്ത് ഏറ്റവും മുതിർന്ന, ഏറ്റവും കൂടുതൽ ഫീസ് വാങ്ങുന്ന അഭിഭാഷകരിൽ ഒരാളായ ഹരീഷ് സാൽവെയെ ഇറക്കി കേസ് വാദിക്കാൻ ശ്രമിച്ചിട്ട് പോലും ചീഫ് സെക്രട്ടറിക്ക് നേരെയുള്ള ശകാരം ഒഴിവാക്കാൻ സംസ്ഥാനസർക്കാരിന് കഴിഞ്ഞില്ല. ആദ്യം അഡീ. അഡ്വക്കറ്റ് ജനറൽ തുഷാർ മേത്തയെ സർക്കാർ കളത്തിലിറക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കേസേറ്റെടുക്കാൻ തയ്യാറായില്ല. അതിന് ശേഷമാണ് അഡ്വ. ഹരീഷ് സാൽവെ കേസ് ഏറ്റെടുത്തത്. അഡ്വ. ഹരീഷ് സാൽവെ ഇടപെടാൻ ശ്രമിച്ചപ്പോഴൊക്കെ, “നിങ്ങൾക്ക് ഈ കേസിന്‍റെ എല്ലാ നാൾവഴിയും വിശദാംശങ്ങളും അറിയില്ല”, എന്ന് പറഞ്ഞ കോടതി, വാദിക്കാൻ സമയം നൽകിയില്ല.
പുറകിൽ നിന്നിരുന്ന ചീഫ് സെക്രട്ടറിയെ മുന്നിലേക്ക് വിളിച്ച് വരുത്തി, എപ്പോൾ ഫ്ലാറ്റുകൾ പൊളിക്കുമെന്ന് ഈ സത്യവാങ്മൂലത്തിൽ പറയുന്നില്ലല്ലോ എന്ന് ജസ്റ്റിസ് അരുൺ മിശ്ര ചോദിച്ചു. സംസ്ഥാനസർക്കാരിന് വിധി നടപ്പാക്കണമെന്ന ഒരു മനസ്സുമില്ലെന്ന് അരുൺ മിശ്രയുടെ ശകാരം. അത് സത്യവാങ്മൂലത്തിൽ വ്യക്തമെന്നും അരുൺ മിശ്ര.
അതേസമയം മരട് ഫ്ലാറ്റുകൾ പൊളിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുമെന്നും നിയമപോരാട്ടം നടത്തുമെന്നും സർവകക്ഷിയോഗത്തിൽ മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്. സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നേരിട്ടെത്തി ഫ്ലാറ്റുടമകൾക്ക് പിന്തുണ പ്രഖ്യാപിച്ചതുമാണ്. എന്നാൽ സഖ്യകക്ഷിയായ സിപിഐ ആകട്ടെ ആദ്യം മുതലേ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന നിലപാടിലാണ്.മരട് ഫ്ലാറ്റുകൾ പൊളിക്കാന്‍ ആവശ്യമുന്നയിച്ച് സി.പി.ഐയുടെ നേതൃത്വത്തില്‍ സമരവും ആരംഭിച്ച് കഴിഞ്ഞു. അതിന് പിൻബലമേകുന്നതാണ് സുപ്രീംകോടതിയുടെ നിരീക്ഷണങ്ങൾ.
ഇന്നത്തെ ശകാരം കൂടിയാകുമ്പോൾ ഇനി സർക്കാരിന് മുന്നിൽ വലിയ പ്രതീക്ഷകളില്ല. അതാണ് മന്ത്രി എ സി മൊയ്തീൻ അടക്കമുള്ളവരുടെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.ഇന്ന് തന്നെ കേസിൽ ഉത്തരവിറക്കാനാണ് ജസ്റ്റിസ് അരുൺ മിശ്ര തീരുമാനിച്ചത്. എന്നാൽ ഉത്തരവ് വെള്ളിയാഴ്ചത്തേക്ക് മാറ്റണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാൽവേ അഭ്യർത്ഥിച്ചു. ഇത് പരിഗണിച്ചാണ് വിശദമായ ഉത്തരവ് വെള്ളിയാഴ്ച പറയുമെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കിയത്.
Read more
വെള്ളിയാഴ്ച വരുന്ന സുപ്രീംകോടതി ഉത്തരവ് തീർത്തും നിർണായകമാവും. മരടിലെ മാത്രമല്ല, കേരളത്തിലെ മൊത്തം നിയമലംഘനം പരിശോധിക്കേണ്ടി വരുമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം ഉത്തരവിലുണ്ടാവുമോ എന്നത് നിർണായകമാണ്. അങ്ങനെയെങ്കിൽ കേരളത്തിലെ പരിസ്ഥിതി അനുമതികളടക്കമുള്ള വിശദമായ പരിശോധനകളെക്കുറിച്ചോ പഠനത്തെക്കുറിച്ചോ ഉത്തരവിലുണ്ടാവുമോ എന്നതും നിർണായകമാണ്.