ചോറ്റാനിക്കരയില്‍ ഇന്നും സംഘര്‍ഷം; കല്ലുകള്‍ പിഴുത് തോട്ടിലെറിഞ്ഞു

സില്‍വര്‍ ലൈന്‍ കല്ലിടലിന് എതിരെ ചോറ്റാനിക്കരയില്‍ ഇന്നും സംഘര്‍ഷം. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തുണ്ട്. പാടത്ത് കല്ലിടാനുള്ള ശ്രമം തടയുകയും മൂന്ന് സര്‍വേ കല്ലുകള്‍ പിഴുത് തോട്ടിലെറിയുകയും ചെയ്തു. ഒരു കല്ല് പോലും ഇടാന്‍ അനുവദിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

കോട്ടയം നട്ടാശേരിയില്‍ നാട്ടുകാരെ തടഞ്ഞ് കല്ലിടല്‍ തുടരുകയാണ്. നാട്ടുകാരെയും നഗരസഭാ കൗണ്‍സിലര്‍മാരെയും പൊലീസ് തടഞ്ഞു. പ്രതിഷേധ സാഹചര്യങ്ങള്‍ ഉള്‍പ്പടെ പരിഗണിച്ചായിരിക്കും ഇന്ന് കല്ലിടല്‍ നടപടികള്‍ തീരുമാനിക്കുക എന്നാണ് ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്.

Read more

സില്‍വര്‍ലൈന്‍ കല്ലിടലിന് എതിരെ സംസ്ഥാന വ്യാപകമായി സമരം ശക്തമാകുകയാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചോറ്റാനിക്കരയിലും കോഴിക്കോടും കല്ലിടല്‍ നടപടികള്‍ മാറ്റി വെച്ചിരുന്നു. അതേ സമയം സില്‍വര്‍ ലൈനിന് വേണ്ടിയുള്ള സര്‍വേ പുരോഗമിക്കുകയാണ്.