ക്രിസ്തുമസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ. പത്താം ക്ലാസ്, പ്ലസ് വണ്‍ ക്രിസ്തുമസ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ത്തി വിവിധ യൂട്യൂബ് ചാനലുകള്‍ക്കും, ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ക്കും നല്‍കിയവര്‍ക്കെതിരെയും അത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ട്യൂഷന്‍ സെന്ററുകള്‍ക്കും, യൂട്യൂബ് ചാനലുകള്‍ക്കുമെതിരെയും കര്‍ശന നടപടി സ്വീകരിക്കണം.
പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപേപ്പറും, പ്ലസ് വണ്‍ ഗണിത ചോദ്യപേപ്പറുമാണ് ചോര്‍ത്തിയത്. എസ്എസ്എല്‍സി ഉള്‍പ്പെടെയുള്ള പൊതുപരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരുന്ന മാഫിയകള്‍ വിലസിയിരുന്ന ഒരു ഭൂതകാലം കേരളത്തിനുണ്ട്. എസ്.എഫ്.ഐ നടത്തിയ ഉഗ്രസമരങ്ങളുടെയും, ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളുടെയും ഫലമായാണ് കേരളത്തില്‍ ചോദ്യപേപ്പര്‍ ചോര്‍ത്തിയിരുന്ന മാഫിയകളെ തുടച്ചുനീക്കാന്‍ കഴിഞ്ഞത്.
അത്തരം മാഫിയകള്‍ പുതിയ രൂപത്തില്‍ വീണ്ടും ഉടലെടുത്തിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം വിദ്യാര്‍ത്ഥികളെ അണിനിരത്തി വലിയ സമരങ്ങള്‍ക്ക് രൂപം കൊടുക്കുമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ പ്രതികരിച്ചു.