ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മുള്ളേരിയ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിര്‍മ്മിച്ച പുല്‍ക്കൂട് തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുള്ളേരിയ സി എച്ച് സിയില്‍ ജീവനക്കാര്‍ ഒരുക്കിയ പുല്‍കൂട് നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസ്. മൂളിയാര്‍ സ്വദേശി മുസ്തഫ അബ്ദുള്ളയാണ് പുല്‍ക്കൂട് നശിപ്പിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സര്‍ക്കാര്‍ ആശുപത്രിയില്‍ ക്രിസ്മസ് പുല്‍ക്കൂട് സ്ഥാപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു ഇയാള്‍ നശിപ്പിച്ചത്. കൈയ്യില്‍ പ്ലാസ്റ്റിക് കവറുമായി എത്തിയ ഇയാള്‍ ഉണ്ണിയേശുവിനെയുള്‍പ്പെടെ അതിലിട്ട് പുറത്തുകൊണ്ടുപോയി കളയുകയായിരുന്നു. സംഭവം ചോദ്യം ചെയ്തയാളോട് മുസ്തഫ തട്ടിക്കയറുകയും പരാതി ഉണ്ടെങ്കില്‍ യേശുക്രിസ്തുവിനോട് പറയാനാണ് ഇയാള്‍ വെല്ലുവിളിക്കുന്നത്. ചോദ്യം ചെയ്ത ആളോട് ഇയാള്‍ ഫോണ്‍ നമ്പറും മേല്‍വിലാസവും പറയുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്.
Read more
മുസ്തഫയുടെ നടപടി ശരിയായില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. മതസൗഹാര്‍ദ്ദാന്തരീക്ഷത്തിന് വിള്ളലുണ്ടാക്കുന്ന ഇത്തരം നടപടികള്‍ ആരുടെ ഭാഗത്തുനിന്നായാലും അപലപിക്കണമെന്ന ആവശ്യം ശക്തമാണ്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമര്‍ശനം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പൊലീസ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധന നടത്തി. ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയ ശേഷമാണ് കേസ് എടുത്തത്. അക്രമിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം അറിയിച്ചു.