ആറുകോടിയുടെ ഭാഗ്യംപോക്കറ്റില്‍ വീണു; കോടിപതിയാണെന്ന് രത്നാകരന്‍ പിള്ള അറിഞ്ഞത് 24 മണിക്കൂര്‍ കഴിഞ്ഞ്

കേരളം കാത്തിരുന്ന ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ ഒന്നാം സമ്മാനമായ ആറ് കോടി രൂപ നേടിയ ഭാഗ്യവാനെ കണ്ടെത്തി. കിളിമാനൂരിനടുത്തുള്ള നഗരൂരിലെ കോണ്‍ഗ്രസ് നേതാവ് ബി.രത്നാകരന്‍പിള്ളയെയാണ് ഭാഗ്യദേവത കടാഷ്ിച്ചത്. എല്‍.ഇ. 261550 എന്ന നമ്പരിലെ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് എസ്.ബി.ഐ.യുടെ പോങ്ങനാട് ശാഖയില്‍ ഏല്‍പ്പിച്ചു.

സംസ്ഥാന ബംപര്‍ ഭാഗ്യക്കുറി സമ്മാനം ആറുകോടി രൂപ തരിക്കാണ് കിട്ടിയതെന്ന് 24 മണിക്കൂര്‍ കഴിഞ്ഞാണ് പിള്ളയറിഞ്ഞത്. വ്യാഴാഴ്ച രാത്രി പതിവുപോലെ കിടന്നുറങ്ങി. വാടകയ്‌ക്കെടുത്ത തടിമില്ലില്‍ ഇന്നലെ രാവിലെ പണിക്കു പോയി. പുതുതായി വാങ്ങിയ തടിയുടെ അറപ്പു ജോലി നടക്കുന്നതിനിടെ ഭാര്യയാണ് ഫോണ്‍ വിളിച്ചപ്പോഴാണ് ബംപര്‍ സമ്മാനം കിട്ടിയ വിവരം പിള്ളയറിയുന്നത്. വീട്ടില്‍ക്കിടന്ന ഷര്‍ട്ടിന്റെ പോക്കറ്റിലെ ഭാഗ്യക്കുറി ടിക്കറ്റ് ഭാര്യയും മകനും കൂടി പരിശോധിച്ചാപ്പോഴാണു ഭാഗ്യം കനിഞ്ഞത് അറിഞ്ഞത്. സമ്മാനമുണ്ടോയെന്നു നോക്കണമെന്നു രാവിലെ പത്രം വന്നപ്പോള്‍ കരുതിയതാണു പിള്ള. പക്ഷേ, സമീപപ്രദേശങ്ങളായ പാപ്പാലയിലോ, പനപ്പാംകുന്നിലോ ആണ് ഒന്നാം സമ്മാനം അടിച്ചതെന്ന വാര്‍ത്ത അറിഞ്ഞതോടെ താല്‍പര്യം നശിച്ചു. ടിക്കറ്റ് നോക്കാന്‍ നില്‍ക്കാതെ പിള്ള തടിമില്ലിലേക്കു പോവുകയായിരുന്നു.

Read more

വെഞ്ഞാറമൂട് പുല്ലമ്പാറ ജറാര്‍ ലക്കി സെന്ററില്‍നിന്നു വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. രത്നാകരന്‍പിള്ള രണ്ടുതവണ കീഴ്പേരൂര്‍ വാര്‍ഡിന്റെ പ്രതിനിധിയായിരുന്നു. ഇരുപത് ദിവസം മുന്‍പ് തുമ്പോട് കൃഷ്ണന്‍കുന്നിനു സമീപത്തുെവച്ചാണ് ടിക്കറ്റെടുത്തത്. മുച്ചക്ര സൈക്കിളില്‍ കൊണ്ടുവന്ന വിതരണക്കാരനില്‍നിന്നാണ് ടിക്കറ്റെടുത്തത്. മുന്‍പ് പലതവണ ടിക്കറ്റെടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നത്. സമ്മാനത്തുക ഉപയോഗിച്ച് കുറച്ചു കടമുള്ളതു വീട്ടണം. താന്‍ താമസിക്കുന്ന രണ്ടാം വാര്‍ഡിലെ ഭൂമിയില്ലാത്തവര്‍ക്ക് മൂന്ന് സെന്റ് സ്ഥലം വാങ്ങി നല്‍കണമെന്ന ആഗ്രഹമുള്ളതായും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തനത്തിനിടയില്‍ നിര്‍ദ്ധനരായ ധാരാളം പേരെ സഹായിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഒരു വിഹിതം നിര്‍ദ്ധനരായവര്‍ക്കായി മാറ്രകി വെക്കാനാണ് പിള്ളയുടെ തീരുമാനം.