എന്തെങ്കിലും തരത്തിലുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വയനാട്ടില്‍ നടക്കുന്നുണ്ടെന്ന് ആര്‍ക്കും കാണാന്‍ സാധിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പുനരധിവാസം അമ്പേ പാളി ഇരിക്കുകയാണ്. നിരുത്തരവാദ സമീപനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും കല്‍പ്പറ്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ ഉപസമിതി വയനാട്ടില്‍ നിന്നും സ്ഥലം വിട്ടിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ കാണിച്ച താല്‍പര്യവും ശുഷ്‌കാന്തിയും പിന്നീട് കാണിക്കാതെ മന്ത്രിമാര്‍ മുങ്ങി. ഒ.ആര്‍ കേളു മാത്രമാണ് ഇപ്പോള്‍ വയനാട്ടില്‍ ഉള്ളത്. മന്ത്രിസഭാ ഉപസമിതി പൂര്‍ണമായും പരാജയപ്പെട്ടു. ഫോട്ടോഷൂട്ടില്‍ മാത്രമാണ് അവര്‍ താല്‍പര്യം കാണിച്ചത്.
ക്യാമ്പുകളില്‍ താമസിക്കുന്ന പാവപ്പെട്ട ആളുകള്‍ക്ക് താല്‍ക്കാലികമായി താമസിക്കാന്‍ പോലുമുള്ള പുനരധിവാസ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടില്ല. സര്‍ക്കാര്‍ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടുകയാണ്. പ്രധാനമന്ത്രി വന്നു പോയിട്ട് രണ്ടാഴ്ച കഴിഞ്ഞു. വിശദമായ മെമ്മോറാണ്ടം സമര്‍പ്പിക്കണമെന്ന് അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി പറഞ്ഞത്.
എന്നിട്ടും മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും ഭാഗത്തുനിന്ന് മെമ്മോറാണ്ടം സമര്‍പ്പിക്കാനുള്ള ഒരു ശ്രമവും ഇതുവരെ ഉണ്ടായിട്ടില്ല. തല്‍ക്കാലിക മെമ്മോറാണ്ടം കൊടുക്കാന്‍ ആര്‍ക്കും സാധിക്കും. പുനരധിവാസത്തിന്റെ കാര്യത്തില്‍ ശാസ്ത്രീയമായി ഗൃഹപാഠം നടത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. പുത്തുമല പുനരധിവാസത്തിന്റെ കാര്യത്തില്‍ സംഭവിച്ച വീഴ്ചകള്‍ ഇവിടെയും ആവര്‍ത്തിക്കുകയാണ്.
വാഗ്ദാനങ്ങള്‍ മാത്രമാണ് പുത്തുമലയില്‍ ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ കൈയ്യയച്ച് സഹായിക്കാം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഈ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത്? ദുരന്തത്തിന്റെ വ്യാപ്തി ഏത് ലെവലിലാണ് പരിഗണിക്കേണ്ടത് എന്നതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് വല്ല അഭിപ്രായവും ഉണ്ടോ എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
മുന്‍ ദുരന്തങ്ങളില്‍ സംഭവിച്ചത് പോലെ തന്നെ അലംഭാവവും വീഴ്ചയും സംസ്ഥാന സര്‍ക്കാര്‍ തുടരുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 600 കോടി രൂപ ഇപ്പോഴും ചെലവഴിക്കാതെ സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഉണ്ട്. പുനരധിവാസ പാക്കേജിനെ കുറിച്ച് മന്ത്രിസഭാ ഉപസമിതിയുമായി നേരിട്ട് സംസാരിച്ചിരുന്നു.
അവരുടെ പാക്കേജിന് അനുസരിച്ച് ബിജെപിക്ക് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നും അറിയിച്ചു. എന്നാല്‍ വ്യക്തമായ ഒരു ഉത്തരം ലഭിച്ചില്ല. നിലവില്‍ തന്നെ ആയിരത്തോളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കാമെന്ന് പലരും ഓഫര്‍ ചെയ്തിട്ടുണ്ട്. ഇതൊക്കെ എങ്ങനെയാണ് സാധ്യമാക്കുക എന്നും മന്ത്രിമാരോട് ചോദിച്ചു. എന്നാല്‍ അവരുടെ പക്കല്‍ ഉത്തരം ഇല്ലായിരുന്നു. എന്തുകൊണ്ടാണ് പുനരധിവാസ പാക്കേജിന്റെ കാര്യത്തില്‍ ഒരു സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.
സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കാതിരുന്നതിനാല്‍ ഇതുവരെയും വീട് ലഭിക്കാത്ത പുത്തുമലയിലെ ഇരകള്‍ കെ സുരേന്ദ്രനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. സര്‍ക്കാര്‍ തങ്ങളോട് നീതി പാലിച്ചില്ലെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഞ്ചുവര്‍ഷമായി പരാതിയുമായി പല സ്ഥലത്തും കയറി ഇറങ്ങുകയാണെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ നീതി ലഭിച്ചില്ലെന്നും പുത്തുമല ഇരകള്‍ ചൂണ്ടിക്കാട്ടി. നിരവധി കുടുംബങ്ങളാണ് ഇത്തരത്തില്‍ നീതി നിഷേധത്തിനിരയായി കഴിയുന്നതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.