സ്കൂളുകളില്‍ ദേശീയപതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രം ; ഉത്തരവ് ആര്‍ എസ് എസ് മേധാവി പതാക ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ക്കിടെ

റിപ്പബ്ലിക് ദിനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തേണ്ടത് സ്ഥാപന മേധാവികള്‍ മാത്രമായിരിക്കണമെന്ന് സൂചിപ്പിച്ച് കേരള സര്‍ക്കാര്‍ ഉത്തരവിറക്കി. ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളില്‍ ആരാണ് പതാക ഉയര്‍ത്തേണ്ടതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം സ്വാതന്ത്രദിനത്തില്‍ പാലക്കാട് മുത്താംന്തറ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആര്‍എസ്എസ് മേധാവി പതാക ഉയര്‍ത്തിയത് വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പതാക ഉയര്‍ത്തുന്നതില്‍ നിയമങ്ങള്‍ കര്‍ക്കശമാക്കികൊണ്ട് ഉത്തരവിറക്കിയിരിക്കുന്നത്.

ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തുമെന്ന് മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തിരുന്നു. ആര്‍എസ്എസ് നേതാവ് കെ.കെ ബാല്‍റാമിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐയായാണ് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തുമെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്വാതന്ത്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ആര്‍എസ്എസ് നേതാവ് എവിടെയാണോ ഉള്ളത് അവിടെ ദേശീയപതാക ഉയര്‍ത്തുക പതിവാണെന്നായിരുന്നു ആര്‍.എസ്.എസ് നേതാക്കള്‍ പറഞ്ഞത്.

അതേസമയം, സര്‍ക്കാര്‍ ഉത്തരവ് നിയമവിരുദ്ധമാണെന്ന് എം.ടി രമേശ് ആരോപിച്ചു. മോഹന്‍ ഭാഗവത് ഇത്തവണയും കേരളത്തില്‍ ദേശീയ പതാക ഉയര്‍ത്തുമെന്നും സര്‍ക്കാര്‍ വേണമെങ്കില്‍ നിയമനടപടി സ്വീകരിച്ചോളുവെന്നും എംടി രമേശ് പറഞ്ഞു.