മാര്‍പ്പാപ്പയെയും സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പിനെയും വെല്ലുവിളിച്ച് വിമത വൈദികരും അല്‍മായ മുന്നേറ്റവും. എറണാകുളം അതിരൂപതയിലെ വിമത വൈദികരെ മുഴുവന്‍ പുറത്താക്കുമെന്ന ഭീഷണിയുമായി പുറത്തുവന്ന മാര്‍ റാഫേല്‍ തട്ടിലിന്റെയും മാര്‍ ബോസ്‌കോ പുത്തൂരിന്റെയും സര്‍ക്കുലര്‍ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് അല്‍മായ മുന്നേറ്റം അതിരൂപത സമിതി പറഞ്ഞു.
കുര്‍ബാന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ 14ന് സിറോ മലബാര്‍ സിനഡ് ചേരാനിരിക്കെ മുന്‍കൂട്ടി നിശ്ചയിച്ച തീരുമാനം അടിച്ചേല്‍പിക്കാനുള്ള ഏതൊരു നീക്കവും പ്രതിരോധിക്കാന്‍ അല്‍മായ മുന്നേറ്റം ഫൊറോന ഭാരവാഹികളുടെ അടിയന്തര യോഗം തീരുമാനിച്ചു. അതിരൂപതയിലെ ഒരു പള്ളിയിലും ഈ സര്‍ക്കുലര്‍ വായിക്കാന്‍ അനുവദിക്കില്ല.
16ന് മുഴുവന്‍ ഇടവകകളിലും പള്ളികള്‍ക്ക് മുന്നില്‍ സര്‍ക്കുലര്‍ കത്തിക്കാന്‍ നേതൃയോഗം തീരുമാനിച്ചു. യോഗശേഷം പ്രവര്‍ത്തകര്‍ സര്‍ക്കുലര്‍ കത്തിച്ചു.
അല്‍മായ മുന്നേറ്റം കണ്‍വീനര്‍ ഷൈജു ആന്റണി, വക്താവ് റിജു കാഞ്ഞൂക്കാരന്‍, ബോബി മലയില്‍, ജെമി അഗസ്റ്റിന്‍, പ്രകാശ് പി. ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജൂലൈ മൂന്നിനുശേഷവും ജനാഭിമുഖ കുര്‍ബാനതന്നെ നടത്തുമെന്ന് വൈദികയോഗവും വ്യക്തമാക്കി. സിറോ മലബാര്‍ മേജര്‍ ആര്‍ച് ബിഷപ് റാഫേല്‍ തട്ടില്‍ മെത്രാപ്പോലീത്തയും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂര്‍ മെത്രാനും സംയുക്തമായി പുറപ്പെടുവിച്ച സര്‍ക്കുലര്‍ തള്ളിക്കളയുന്നുവെന്ന് അതിരൂപത സംരക്ഷണ സമിതി.
ചുണങ്ങുംവേലി നിവേദിതയില്‍ 300ഓളം വൈദികര്‍ ഒരുമിച്ചുകൂടി ജൂലൈ മൂന്നിനുശേഷവും ജനാഭിമുഖ കുര്‍ബാനതന്നെ ചൊല്ലുമെന്ന് പ്രഖ്യാപിച്ചു. സിറോ മലബാര്‍ സഭാ സിനഡിനെ അപഹസിക്കുന്ന ഇത്തരം സര്‍ക്കുലര്‍ കത്തോലിക്ക സഭക്കുതന്നെ അപമാനമാണെന്ന് കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവിച്ചു.