തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി നേതൃത്വം വേണ്ടത്ര പണം നല്‍കിയില്ലെന്ന ആരോപണവുമായി വയനാട് സുല്‍ത്താന്‍ ബത്തേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സികെ ജാനു. ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രചാരണത്തിന് സഹകരിച്ചില്ലെന്നും മനഃപൂര്‍വം വീഴ്ച്ച വരുത്തിയെന്നും ആരോപിച്ച് ജാനു പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പരാതി നല്‍കി. തന്റെ പാര്‍ട്ടിയുടെ രണ്ട് നേതാക്കളെ ബിജെപി പ്രവര്‍ത്തകര്‍ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ട് അപമാനിച്ചെന്ന ഗുരുതരമായ ആരോപണവും ജാനു പരാതിയില്‍ ഉന്നയിക്കുന്നതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ച വോട്ടിനേക്കാള്‍ താഴെയാകും തനിക്ക് ഇത്തവണ ലഭിക്കുന്ന വോട്ടുകളെന്ന് ജാനു തന്നെ പരാതിയില്‍ പറയുന്നു. അതിന് കാരണം പ്രചാരണത്തില്‍ സംഭവിച്ച വീഴ്ച്ചയാണ്. പ്രചാരണം ആരംഭിച്ചപ്പോള്‍ മുതല്‍ ജില്ലാ നേതൃത്വം നിസ്സഹരിച്ചെന്നും ജാനു പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രചാരണത്തിനെത്തിയത് തനിക്ക് തീരെ പ്രയോജനം ചെയ്യില്ല. ജില്ലയിലെ യഥാര്‍ത്ഥ വിഷയങ്ങള്‍ ഉയര്‍ത്തി പ്രചാരണം നടത്താന്‍ സാധിച്ചില്ലെന്നും ജാനു പരാതിയില്‍ വ്യക്തമാക്കി.
ജെആര്‍പി പ്രവര്‍ത്തകരെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ട സംഭവം ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ തങ്ങളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തിയെന്ന് ജാനു പരാതിയില്‍ സൂചിപ്പിച്ചു. ഇത് തങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന സംഭവമായിപ്പോയി. ബിജെപിയെ സംബന്ധിച്ച് ദളിത് വിരുദ്ധര്‍ എന്ന ലേബല്‍ ഊട്ടിയുറപ്പിക്കുന്നതാണ് ഈ സംഭവമെന്നും ജാനു പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
Read more
ബിജെപി നേതാക്കള്‍ ഒരു കോടി രൂപ തട്ടിയെടുത്തെന്ന് വ്യാപകമായ ആക്ഷേപം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൊടകര കുഴല്‍പ്പണ കവര്‍ച്ചയായി വയനാട്ടിലെ വിവാദങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.