തിരുവനന്തപുരം കോർപ്പറേഷനിൽ കൗണ്‍സില്‍ യോഗത്തിനിടെ സംഘർഷം. ബിജെപി അംഗങ്ങൾ ഡെപ്യുട്ടി മേയറെ കയ്യേറ്റം ചെയ്തതായി ഭരണപക്ഷം ആരോപിച്ചു. ബിജെപി കൗൺസിലർ ഗിരികുമാറിനെ സസ്‌പെൻഡ് ചെയ്തു.
കോര്പറേഷൻ സോണൽ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ചർച്ച ചെയ്യണമെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങളുടെ തുടക്കം. അജണ്ടയിൽ ഇല്ലാത്ത വിഷയമാണ് അത് എന്ന് ഭരണകക്ഷി നിലപാട് എടുത്തതോടെ വാക്കുതർക്കം തുടങ്ങി. പിന്നീടത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
അതേസമയം ഗിരികുമാറിനെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധിച്ചു. നടപടി പിന്‍വലിക്കുന്നത് വരെ നഗരസഭയില്‍ പ്രതിഷേധിക്കുമെന്ന് ബിജെപി അറിയിച്ചു. പ്രതിപക്ഷം ഉന്നയിച്ച വിഷയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ മേയര്‍ തയ്യാറാകുന്നത് വരെ നഗരസഭാ കവാടം വിട്ടുപോകില്ലെന്നും ബിജെപി അറിയിച്ചു.
നേമം, ആറ്റിപ്പറ, ഉള്ളൂര്‍ മേഖലകളിലെ വീട്ടുകരം നഷ്ടപ്പെട്ടത് സംബന്ധിച്ച 25 ലക്ഷം രൂപയുടെ നികുതിവെട്ടിപ്പ് വിഷയം ചര്‍ച്ചചെയ്യണമെന്ന ആവശ്യം നിഷേധിച്ചതിനെതുടര്‍ന്നായിരുന്നു സഭയില്‍ ബഹളമുണ്ടായത്. തുടര്‍ന്ന് സഭ പ്രക്ഷുഭ്ധമാകുകയും കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഗിരികുമാറിന് സസ്പെന്‍ഡ് ചെയ്തതായി മേയര്‍ അറിയിക്കുകായിരുന്നു. ഇതോടെ സഭാ മധ്യത്തില്‍ ചേർന്ന ബിജെപി അംഗങ്ങള്‍ നടുത്തളത്തില്‍ മുദ്രവാക്യം വിളിക്കുകയാണ്.