എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷം തെരുവിലേക്കും നീണ്ടു. ഇരു വിഭാഗത്തിലുമായി 15 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കുകളാണ്. മുപ്പതോളം പേര്‍ക്കെതിരേ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. അക്രമസംഭവത്തില്‍ എസ്എഫ്‌ഐ കെ എസ്യു പ്രവര്‍ത്തകരായ നാലുപേര്‍ അറസ്റ്റിലായി.
അതേസമയം, അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചതായി അധികൃതര്‍ അറിയിച്ചു. ഉടന്‍ പോലീസ് സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേരും. കഴിഞ്ഞ ദിവസം കോളേജില്‍ പ്രിന്‍സിപ്പലിനെ കെ.എസ്.യു. പ്രവര്‍ത്തകര്‍ തടഞ്ഞുവെച്ചിരുന്നു.
സംഘര്‍ഷത്തില്‍ എട്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കും ഏഴ് കെ.എസ്.യു.ക്കാര്‍ക്കുമാണ് പരിക്കേറ്റത്. എസ്.എഫ്.ഐ. മഹാരാജാസ് യൂണിറ്റ് സെക്രട്ടറി അമല്‍ജിത്തിന്റെ കൈ ഒടിഞ്ഞു. വൈസ് പ്രസിഡന്റ് റൂബിക്ക് തലയ്ക്ക് പരിക്കുണ്ട്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് എസ്.എഫ്.ഐ. പ്രവര്‍ത്തകരായ സ്വാലിഹ്, അമീന്‍ അന്‍സാരി, വിഷ്ണു, റയീസ്, ജെറി, ജാഫര്‍ എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലാണ്.
കെ.എസ്.യു. യൂണിറ്റ് ജനറല്‍ സെക്രട്ടറി റോബിന്‍സണ്‍, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ മുക്താര്‍, റെയ്സ്, ഫാസില്‍, പ്രവര്‍ത്തകരായ നിയാസ്, മുഹ്സിന്‍, ഹെന്ന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രാത്രിയോടെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
കോളേജില്‍ മൂന്നു മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. കാമ്പസിനുള്ളില്‍ നേരത്തേയുണ്ടായ സംഘര്‍ഷത്തെ ചൊല്ലി ഒരു സംഘം വിദ്യാര്‍ഥികളും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.