ഹെഡ്ഗേവാർ വിഷയത്തിൽ പാലക്കാട് നഗരസഭ യോഗത്തിൽ ബഹളം. സിപിഎം, യുഡിഎഫ് കൗൺസിലർമാർ നഗരസഭ യോഗത്തിൽ ‘ആരാണ് ഹെഡ്ഗേവാർ’ എന്ന പോസ്റ്റർ ഉയർത്തി പ്രതിഷേധിച്ചു. സിപിഎം, യുഡിഎഫ്- ബിജെപി കൗൺസിലർമാർ തമ്മിൽ വാക്കേറ്റമുണ്ടാകുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. ചെയർപേഴ്സണെ കയ്യേറ്റം ചെയ്തതായും ഒരു കൗൺസിലർ കുഴഞ്ഞുവീണതായും വിവരമുണ്ട്.
നിയമസഭാ യോഗത്തിൽ വിഷയം അജണ്ടയ്ക്ക് വന്നപ്പോൾ കൗൺസിലർമാർ കരിങ്കൊടി കാണിക്കുകയും ഡയസിൽ കയറി പ്രതിഷേധിക്കുകയും ആയിരുന്നു. ആരാണ് ഹെഡ്ഗേവാർ, ബിജെപി മാപ്പ് പറയണമെന്ന് സിപിഎം, യുഡിഎഫ് കൗൺസിലർമാർ ആവശ്യപ്പെട്ടപ്പോൾ ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബിജെപി കൗൺസിലർമാരും പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചു. ഇതോടെ സ്ഥിതിഗതികൾ സംഘർഷഭരിതമാകുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. കൗൺസിലർമാരെ പിരിച്ചുവിടുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിട്ടില്ല.
ഹെഡ്ഗേവാർ വിഷയത്തിൽ നഗരസഭ യോഗത്തിൽ പ്രതിഷേധം ഉയരാനുള്ള സാധ്യത പരിഗണിച്ച് കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. സിപിഎം, യുഡിഎഫ് കൗൺസിലർമാർ വിഷയം ഉന്നയിക്കുമെന്ന മുൻകൂട്ടി മനസിലാക്കി ജിന്ന സ്ട്രീറ്റ് വിഷയം ബിജെപി കൗൺസിലർമാരും ഏറ്റെടുക്കുകയായിരുന്നു. ഇതാണ് ചേരിതിരിഞ്ഞുള്ള വാക്കേറ്റത്തിലേക്കും കയ്യാങ്കളിയിലേക്കും നയിച്ചത്.
Read more
സ്പെഷ്യൽ സ്കൂളിന് ആർഎസ്എസ് സ്ഥാപകനായ ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനത്തിൽ യുഡിഎഫ് സിപിഎം കൗൺസിലർമാർ പ്രതിഷേധം അറിയിച്ചിരുന്നു. വിഷയം വിവാദങ്ങളിലേക്കും നീങ്ങി. എന്നാൽ സ്പെഷ്യൽ സ്കൂളിന് ഹെഡ്ഗേവാറിന്റെ പേര് നൽകാനുള്ള തീരുമാനത്തിൽ നഗരസഭ ഭരണകൂടം ഉറച്ചുനിന്നു.