ദിലീപുമായി അടുത്ത ബന്ധം: ടാബും മൂന്ന് മൊബൈല്‍ ഫോണുകളും അഞ്ച് സിം കാര്‍ഡുകളും പിടിച്ചെടുത്തു: ഷോണ്‍ ജോര്‍ജ്

ടാബും മൂന്ന് മൊബൈല്‍ ഫോണുകളും അഞ്ച് സിം കാര്‍ഡുകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തെന്ന് ഷോണ്‍ ജോര്‍ജ്. ദിലീപുമായി അടുത്ത ബന്ധമുണ്ട്, സഹോദരന്‍ അനൂപുമായി വലിയ പരിചയമില്ലെന്നും താനായിട്ട് ഒരു വാട്‌സാപ് ഗ്രൂപ്പും തുടങ്ങിയിട്ടില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

ഇന്ന് രാവിലെ 7:15നാണ് കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തുന്നതിനായി ഈരാറ്റുപേട്ടയിലെ പി.സി ജോര്‍ജിന്റെ വീട്ടിലെത്തിയത്. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തിന് പിന്നില്‍ ഷോണ്‍ ജോര്‍ജാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. ദിലീപുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍ നിന്നയച്ചിട്ടുള്ള സന്ദേശങ്ങളെ കുറിച്ചാണ് അന്വേഷണം. വാട്ട്സ്ആപ് ഗ്രൂപ്പ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്റെ പരിശോധന.

Read more

2017 ലാണ് ‘ദിലീപിനെ പൂട്ടണം’ എന്ന പേരിലാണ് വാട്സ്ആപ് ഗ്രൂപ്പ് നിര്‍മിച്ചത്. ബി സന്ധ്യ അടക്കമുള്ള ഉന്നത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഉള്‍പ്പെടുത്തിയാണ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്ന് ഈ ഗ്രൂപ്പ് സ്‌ക്രീന്‍ ഷോട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലേക്ക് അയച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബൈജു കൊട്ടാരക്കര ആണ് ഇത് വ്യാജം ആണെന്ന് ചൂണ്ടികാട്ടി പരാതി നല്‍കിയത്.