കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് കാരണം മേഘവിസ്‌ഫോടനമാണെന്ന് കൊച്ചി മേയര്‍ എം. അനില്‍ കുമാര്‍. വേലിയേറ്റമാണ് വെള്ളം ഇറങ്ങാന്‍ വൈകിയതിന് പിന്നിലെന്നും കാലാവസ്ഥ വ്യതിയാനം ഉള്‍ക്കൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളിലൂടെയേ വെള്ളക്കെട്ട് ഒഴിവാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.
അശാസ്ത്രീയമായ നിര്‍മ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ‘ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ’ കാര്യക്ഷമമായി നടപ്പാക്കിയില്ലെന്ന് കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയിന്‍ കുറ്റപ്പെടുത്തി.
ഇന്നലെ രാവിലെ പെയ്ത തീവ്രമഴയില്‍ കൊച്ചി നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കലൂര്‍ സ്റ്റേഡിയം റോഡ് വെള്ളത്തില്‍ മുങ്ങി. ഹൈക്കോടതിക്ക് മുന്നിലും വെള്ളക്കെട്ട് ഉണ്ടായി. നിരവധി വീടുകളില്‍ വെള്ളം കയറി. വെള്ളക്കെട്ട് കാരണം കലൂര്‍ വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. എന്നാല്‍, പെരിയാര്‍ അടക്കമുള്ള പുഴകളില്‍ ജലനിരപ്പ് കാര്യമായി ഉയര്‍ന്നിട്ടില്ല.
എറണാകുളം സൗത്ത്, നോര്‍ത്ത് റെയില്‍വെ സ്റ്റേഷനുകളിലെ ട്രാക്കുകളില്‍ വെള്ളമെത്തിയത് സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം താറുമാറാക്കി.