നിയമസഭാ സമ്മേളനവും ഓണവും കാരണമുള്ള ഇടവേള മൂലമാണ് മാധ്യമങ്ങളെ കാണാതിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി വാർത്താസമ്മേളനം ഇല്ലാതിരുന്നതിനെതിരെ വിമർശനമുയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
ഇന്നത്തെ ദിവസം അയ്യങ്കാളിയുടേയും ചട്ടമ്പിസ്വാമിയുടേയും സ്മരണദിനമാണ്. കേരളത്തിൻ്റെ നവോത്ഥാന വഴിയിലെ ദീപസ്തംഭങ്ങളായ ആ മഹാരഥൻമാരെ ആദ്യമേ അനുസ്മരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
36 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടർന്നിട്ടും മാധ്യമങ്ങളിലൂടെ ജനങ്ങളോട് സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരുന്നു.
അതേസമയം കേരളത്തിൽ ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലം കോവിഡ് കേസുകൾ വർധിച്ചെന്നും ഈ സാഹചര്യം മുൻകൂട്ട് കണ്ട് ചികിത്സാ സൗകര്യം ശക്തമാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആർജിക്കാനാവും എന്നാണ് പ്രതീക്ഷയെന്നും ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സീൻ നൽകുന്നത് കേരളത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജനസംഖ്യാനുപാതികമായി വാക്സീൻ ഏറ്റവും വേഗത്തിൽ നൽകുന്ന സംസ്ഥാനമാണു കേരളം. ഒരു ദിവസം അഞ്ചു ലക്ഷം വാക്സീൻ വരെ വിതരണം ചെയ്യാൻ സാധിച്ചു.
അതേസമയം കോവിഡ് മരണം പരമാവധി കുറയ്ക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു.. രാജ്യത്തേറ്റവും നന്നായി കോവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കോവിഡ് മരണനിരക്ക്.