സ്വര്‍ണക്കടത്ത് വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതു സംബന്ധിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി. ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുള്ള വിഷയമായതിനാല്‍ ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അടിയന്തര പ്രമേയം ഉച്ചയ്ക്ക് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. ഒരു മണി മുതല്‍ രണ്ട് മണിക്കൂര്‍ നേരമാണ് ചര്‍ച്ച നടക്കുക.
ഷാഫി പറമ്പില്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിനായി നോട്ടീസ് നല്‍കിയത്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. സ്വ്പനയുടെ രഹസ്യമൊഴി തിരുത്താന്‍ നീക്കം നടന്നെന്നുമാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഇതിനായി വിജിലന്‍സ് ഡയറക്ടറേയും ഇടനിലക്കാരനേയും ഉപയോഗിച്ചുവെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ ചര്‍ച്ചക്കെടുക്കുന്ന രണ്ടാമത്തെ അടിയന്തര പ്രമേയമാണിത്. ആദ്യം ചര്‍ച്ച ചെയ്തത് സില്‍വര്‍ലൈനായിരുന്നു. നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തില്‍ സഭാ നടപടികള്‍ തുടങ്ങി. തടസ്സങ്ങളില്ലാതെ ചോദ്യോത്തരവേള നടന്നു. ബഫര്‍ സോണുമായി ബന്ധപ്പെട്ട ശ്രദ്ധ ക്ഷണിക്കല്‍ ഇന്ന് സഭയില്‍ വരും. മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി സമരത്തെ അടിച്ചമര്‍ത്തിയ രീതിയും രൂക്ഷമായി വിമര്‍ശിക്കപ്പെടും. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണ വിഷയം ഇന്നും ചര്‍ച്ചയാകും. ആഭ്യന്തര വകുപ്പിന്റെ ധനാഭ്യര്‍ത്ഥ്യനയുംഉണ്ടാകും.
അതേസമയം പ്രതിപക്ഷ എംഎല്‍എമാരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ ചട്ടലംഘനമാണെന്ന് കാണിച്ച് മന്ത്രി സജി ചെറിയാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ നടപടികള്‍ മൊബൈലില്‍ പകര്‍ത്തുകയും മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തുവെന്നാണ് പരാതി. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയത് സഭാ ചട്ടത്തിന് എതിരാണെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
സഭ സമ്മേളനത്തെ ആദ്യ ദിവസമായ ഇന്നലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ താത്ക്കാലികമായി നിര്‍ത്തിവെക്കുകയും പിന്നീട് സഭാ നടപടികള്‍ റദ്ദാക്കി പിരിയുകയും ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. ഷാഫി പറമ്പില്‍ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ കറുത്ത വസ്ത്രമണിഞ്ഞാണ് ഇന്നലെ സഭയിലെത്തിയത്.