അയോദ്ധ്യ ഭൂമി തര്‍ക്കത്തിൽ സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായ അന്തിമ തീര്‍പ്പ് അംഗീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തര്‍ക്കത്തിന് നിയമപരമായ തീര്‍പ്പാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായത്. അതിനെ സംയമനത്തോടെ ഉൾക്കൊള്ളാൻ എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആഹ്വാനം ചെയ്തു.
”നമ്മുടെ രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ പ്രശ്‌നത്തിലാണ് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് അന്തിമമായി തീര്‍പ്പ് കല്‍പ്പിച്ചത്. അയോധ്യയില്‍ തര്‍ക്ക സ്ഥലത്ത് രാമ വിഗ്രഹം കൊണ്ടുവെച്ചതും ബാബ്‌റി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധമാണ് എന്ന് കോടതി സ്ഥിരീകരിച്ചിരിക്കുന്നു.
ബാബ്‌റി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നാണ് രാജ്യം വലിയ കലാപത്തിന്റെ വേദിയായത്. ഈ വിധിയോടെ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട നിയപരമായ വിഷയങ്ങള്‍ക്കാണ് തീര്‍പ്പ് ഉണ്ടായിരിക്കുന്നത്. വിധി തങ്ങള്‍ കാലാകാലമായി ഉയര്‍ത്തുന്ന അവകാശവാദങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും വിഘാതമായി എന്ന് കരുതുന്നവരുണ്ടാകാം. അതോടൊപ്പം തങ്ങളുടെ ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടത് എന്ന് ധരിക്കുന്ന വിഭാഗവും ഉണ്ട്””. രണ്ട് കൂട്ടരും സംയമനത്തോടെയും സമാധാനം നിലനിര്‍ത്താനുള്ള താത്പര്യത്തോടെയും വിധിയോട് പ്രതികരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാബ്‌റി മസ്ജിദ് തകർത്തപ്പോൾ കേരളം വിവേകത്തോടെയാണ് പ്രതികരിച്ചത്. അതേ രീതിയിൽ തന്നെ പുതിയ വിധിയോടും പ്രതികരിക്കണം. ജനങ്ങളുടെ സമാധാനം കളയുന്ന ഒരു നടപടിയും എവിടെ നിന്നും ഉണ്ടാകരുത്. സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ എല്ലാ നടപടിയും എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അയോധ്യ തര്‍ക്കത്തിൽ ഭരണഘടനാ ബെഞ്ചിന്‍റെ വിധി അന്തിമമാണ്. അത് എല്ലാവരും അനുസരിക്കാൻ തയ്യാറാകണം. വിധിയുടെ വിശദാശങ്ങൾ അറിഞ്ഞ ശേഷം കൂടുതൽ പ്രതികരണം ആകാമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.