സോളാര്‍ പീഡന പരാതിക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ തള്ളി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര പ്രമേയത്തിന് മറുപടി പറയവെ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി വാക്‌പോരും ഉണ്ടായി. സതീശനും വിജയനും തമ്മില്‍ വ്യത്യാസമുണ്ടെന്ന് പറഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി മറുപടി പ്രസംഗത്തിലേക്ക് കടന്നത്.
ദല്ലാള്‍ നന്ദകുമാര്‍ തന്നെ വന്നു കണ്ടു എന്നതു കെട്ടിച്ചമച്ച കഥയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിക്കാന്‍ ശ്രമിച്ചത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുന്‍പ് ദല്ലാള്‍ നന്ദകുമാറിനെ ഇറക്കിവിട്ടയാളാണ് താനെന്നും പിണറായി വിജയന്‍ പറഞ്ഞു.
ദല്ലാളിനെ പ്രതിപക്ഷത്തിരിക്കുന്ന എല്ലാവര്‍ക്കും അറിയാമല്ലോ. ദല്ലാള്‍ എന്റെ അടുത്തുവന്നു എന്നത് കെട്ടിച്ചമച്ച കഥയാണ്. ഡല്‍ഹി കേരള ഹൗസില്‍ കാണാന്‍ വന്നപ്പോള്‍ അയാളെ ഇറക്കിവിട്ടയാളാണ് ഞാന്‍.
അതുപോലെ പ്രതിപക്ഷനേതാവിന് പറയാന്‍ കഴിയുമോയെന്നും മുഖ്യമന്ത്രി ചോദിച്ചു. അധികാരമേറ്റ് മൂന്നാംനാള്‍ ദല്ലാള്‍ തന്നെ കാണാന്‍ വന്നു എന്നാണ് പ്രതിപക്ഷം പറയുന്നത്. അയാള്‍ മറ്റ് പലയിടത്തും പോകുമായിരിക്കും. എന്നാല്‍ തന്നെ കാണാന്‍ വരാനുള്ള മാനസികാവസ്ഥ ഉണ്ടാകുമെന്ന് തോന്നുന്നില്ലെന്നും പിണറായി പറഞ്ഞു.
പരാതി വരുന്നത് അധികാരത്തില്‍ വന്നുമൂന്നാം മാസമാണ്. താന്‍ പ്രത്യേക താല്പര്യം കാണിച്ചു എന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സോളാറില്‍ രാഷ്ട്രീയ താല്പര്യത്തോടെ കൈകാര്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിബിഐ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്നും സോളാറില്‍ ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്നതാണ് ആദ്യം മുതലുള്ള നിലപാടെന്നും പിണറായി വിജയന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ മുന്‍പ് ആരോപണം ഉന്നയിച്ചത് മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജാണ്. പാതിരാത്രിയില്‍ പരാതിക്കാരിയെ വിളിച്ചു സംസാരിച്ചത് കോണ്‍ഗ്രസ് ഭരണഘടന അല്ലല്ലോ എന്ന് ചോദിച്ചത് ഞങ്ങളല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍ഡിഎഫും സിപിഎമ്മും ഉമ്മന്‍ചാണ്ടിയെ സോളാര്‍ വിഷയത്തില്‍ വേട്ടയാടിയിട്ടില്ലെന്നും പറഞ്ഞു.
വേട്ടയാടലിന്റെ ചരിത്രം പറഞ്ഞാല്‍ യുഡിഎഫിനു അത്ര സുഖമാകുമോ എന്നും പിടി ചാക്കോ മുതല്‍ ഉള്ള ചരിത്രം ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ മറുപടി. ലഭ്യമല്ലാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ അന്വേഷണത്തിനു പ്രയാസമാണെന്നു പറഞ്ഞ മുഖ്യമന്ത്രി റിപ്പോര്‍ട്ടില്‍ നിയമ പരിശോധന നടത്താമെന്നും പറഞ്ഞു.
സോളര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന സിബിഐ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ അവതരിപ്പിച്ച അടിയന്തരപ്രമേയം ചര്‍ച്ചകള്‍ക്കൊടുവില്‍ നിയമസഭ തള്ളി.