സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ഒരേ തൂവല്‍ പക്ഷികള്‍; ജമാ അത്തിന് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായി ബന്ധം; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി

സംഘപരിവാറും ജമാഅത്തെ ഇസ്ലാമിയും ഒരേ തൂവല്‍ പക്ഷികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുസ്ലീം ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വര്‍ഗീയ കക്ഷികളുമായി കൂട്ടു കൂടുന്നു. പി ജയരാജന്‍ എഴുതിയ പുതിയ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദേഹം.മലബാര്‍ കലാപം മാപ്പിള ലഹളയല്ല, അത് ജന്മിത്വത്തിന്റെ സാമ്രാജ്യത്യത്തിനെതിരെയുള്ള പോരാട്ടമാണ്. ഖിലാഫത്തിന്റെ ഭാഗമായാണ് മാപ്പിള കുടിയാന്മാര്‍ അധികം വന്നത്. കോണ്‍ഗ്രസിന്റെ വീഴ്ചകളും എടുത്തു പറയുന്നുണ്ട്. വാഗണ്‍ ട്രാജഡിയുടെ വിശദാംശങ്ങള്‍ പുസ്തകത്തിലുണ്ട്. പൗരത്വ പ്രശ്നവും കൃതി ചര്‍ച്ച ചെയ്യുന്നു. മുസ്ലിം സമൂഹം നേരിടുന്ന വിഷയങ്ങളിലേക്ക് ജയരാജന്റെ പുസ്തകം വിരല്‍ചൂണ്ടുന്നു.

വിദ്യാഭ്യാസമേഖലയിലെ ശോചനീയാവസ്ഥ ചര്‍ച്ച ചെയ്യുന്നുണ്ട്. അത് എങ്ങനെ പരിഹരിക്കപ്പെട്ടു എന്നും പുസ്തകം പറയുന്നുണ്ട്. ദേശീയ മുസ്ലിങ്ങള്‍, മുസ്ലിം ലീഗ്, കമ്യൂണിസ്റ്റ് ഇങ്ങനെ മൂന്നായി തന്നെ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്. ലീഗിനോടുള്ള കോണ്‍ഗ്രസ് സമീപനങ്ങളിലെ മാറ്റങ്ങളും പുസ്തകത്തില്‍ പറയുന്നുണ്ട്.

ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണ് കൊണ്ടു കാണരുത്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്. ലീഗ് റിഫോമിസ്റ്റ് പ്രസ്ഥാനവും. ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായി ബന്ധമുണ്ട്. ലീഗിന് ഇന്ത്യക്ക് പുറത്തു സഖ്യമില്ല.

ജമാഅത്തെ ഇസ്ലാമിക് വേണ്ടത് ഇസ്ലാമിക സാര്‍വ്വ ദേശീയതയാണ്. ലീഗിന് അങ്ങനെ അല്ല. ആര്‍എസ്എസും ജമാ അത്തെ ഇസ്ലാമിയും ഒരേ തൂവല്‍ പക്ഷികളാണ്. ലീഗ് കമ്മ്യൂണിസ്റ്റ് വിരുദ്ധതക്കായി ഇത്തരം വര്‍ഗീയ കക്ഷികളുമായി കൂട്ടു കൂടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.