സി.എം രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു; വിശ്രമം നിർദേശിച്ച് ഡോക്ടർമാർ

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കോവിഡ് രോഗമുക്തിയെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലാണ് രണ്ടുദിവസം മുമ്പ് രവീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.

രവീന്ദ്രന് ശ്വാസകോശ സംബന്ധമായ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. രവീന്ദ്രന് വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തു. എന്നാല്‍ എത്ര ദിവസത്തേക്കാണ് വിശ്രമം വേണ്ടതെന്ന് പറഞ്ഞിട്ടില്ല.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ രവീന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹാജരായില്ല. കോവിഡ് ഭേദമായതിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാൻ രണ്ടാമതും ഇ.ഡി, രവീന്ദ്രനോട്  ആവശ്യപ്പെട്ടു. എന്നാൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം വീണ്ടും ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഇന്നായിരുന്നു ഇ.ഡിക്ക് മുമ്പാകെ ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടയിരുന്നത്.

അതിനിടെ സിഎം രവീന്ദ്രന് ബിനാമി ഇടപാടുണ്ടെന്ന് സംശയിക്കുന്ന വടകരയിലെ മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു.