മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനുള്ള ബസിന് ഒരു കോടി 5 ലക്ഷം, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും നവകേരള സദസിനായി പൊടിപൊടിച്ച് സര്‍ക്കാര്‍

നാലുഭാഗത്തു നിന്നും വിമർശനങ്ങൾ ഉയരുമ്പൊഴും നവകേരള സദസിനായി ആഡംബരങ്ങൾ ഒഴിവാക്കാനില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. പരിപാടിയ്ക്കായി വാങ്ങിയ അത്യാധുനിക ബെൻസ് ബസ്സാണ് ഇപ്പോൾ ഏറെ വിവാദമായിരിക്കുന്നത് നവ കേരള സദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിക്കുന്നതിനായി ബസ് വാങ്ങാൻ ഒരു കോടി 5 ലക്ഷത്തി ഇരുപതിനായിരം രൂപയാണ് അനുവദിച്ചിരിക്കുന്നത്.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുന്ന സാഹചര്യമായിട്ടും ട്രഷറി നിയന്ത്രണം മറികടന്നാണ് ബസ്സ് വാങ്ങാൻ തുക അനുവദിച്ചിരിക്കുന്നത്. ഇതോടെ ബസ്സിന്റെ വിവരങ്ങൾ ഗതാഗതമന്ത്രി പങ്കുവയക്കുകയായിരുന്നു. ബസ്സിന്റെ ബോഡി നിർമാണത്തിന് മാത്രം ചെലവായത് 66 ലക്ഷം രൂപയാണ്.

കാരവൻ മാതൃകയിലുള്ള സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിട്ടുള്ളത്. 25 സീറ്റുകളിൽ ഏറ്റവും മുന്നിലുള്ളപ്രത്യേക സീറ്റ് മുഖ്യമന്ത്രിക്കാണ്. മുഖ്യമന്ത്രിയുടെ സീറ്റ് എങ്ങോട്ടുവേണമെങ്കിലും തിരിക്കാവുന്നഓട്ടോമാറ്റിക് റിക്ലൈനിങ് സീറ്റാണ്. പിന്നിലുള്ള മന്ത്രിമാരോട് സംസാരിക്കാനാണിത്.ബയോ ടോയ്‌ലറ്റിന് പുറമേ ഫ്രിജ്, മൈക്രോവേവ് ഓവൻ, ആഹാരം കഴിക്കാൻ പ്രക്യേക സ്ഥലം , വാഷ് ബെയ്സിൻ എന്നിവയും ബസിലുണ്ട്.

ഒരു കോടി അഞ്ച് ലക്ഷത്തിൽ 44 ലക്ഷം രൂപയാണ് ബെൻസിന്റെ ഷാസിയുടെ വില. ബാക്കി തുക ബോഡി നിർമാണത്തിന് ആണ്. ബസിൽ മുഖ്യമന്ത്രിയുടെ സഹായിയെ കൂടാതെ രണ്ട് സഹായികളുണ്ട്. ഇവർക്കുള്ള പ്രത്യേക പരിശീലനം കെഎസ്ആർടിസി നൽകി.കെ.എസ്. ബസ് നവകേരള സദസ്സിനു ശേഷം ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും എന്നാണ് സർക്കാർ വാദം.

Read more

കെഎസ്ആർടിസി ബസുകൾക്കുള്ള കെ.എൽ. 15 റജിസ്ട്രേഷനാണ് ബസ്സിന് നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി വിമർശനങ്ങളാണ് പ്രതിപക്ഷം ഉയർത്തിയിരിക്കുന്നത്. പരിപാടി തന്നെ ധൂർത്ത് ആണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. മുഖ്യമന്ത്രിക്ക് ജനങ്ങളെ കാണാൻ സാധാരണ കെഎസ്ആർടിസി ബസ് പോരെയെന്ന് കെപിസിസി പ്രസിഡന്റ് സുധാകരൻ ചോദിച്ചിരുന്നു.