പഴയ സാധനം നൽകിയത് മേപ്പാടി പഞ്ചായത്തെന്ന് മുഖ്യമന്ത്രി; ഒരു സാധനവും പഞ്ചായത്ത് വാങ്ങിയതല്ല, ഉത്തരവാദിത്വം റവന്യൂ വകുപ്പിനെന്ന് പ്രതിപക്ഷ നേതാവ്

ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് പഴയ സാധനങ്ങൾ നൽകിയത് മേപ്പാടി പഞ്ചായത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാ‍ർ നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ നടപടിയാണിത്. മേപ്പാടിയിലെ വിഷയത്തിൽ വിജിലൻസ് വിശദമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പറ‌ഞ്ഞു.

ദുരന്തത്തിൻ്റെ തുടക്കത്തിൽ തന്നെ പഴയ സാധനങ്ങൾ ദുരിതബാധിതർക്ക് നൽകരുതെന്ന് വ്യക്തമാക്കിയിട്ടുള്ളതാണ്. കേന്ദ്രത്തിനും ബിജെപിക്കും കേരളം നശിക്കട്ടെ എന്ന മനോഭാവമാണെന്നും പിണറായി പറഞ്ഞു. ബിജെപിയുമായി അവിശുദ്ധ കൂട്ടുകെട്ടാണ് കോൺഗ്രസിനെന്നും പിണറായി ആരോപിച്ചു.

അതേസമയം വയനാട്ടിൽ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് പഴകിയ സാധനങ്ങൾ നൽകിയ സംഭവത്തിൽ ഉത്തരവാദിത്തം റവന്യൂ വകുപ്പിനാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പഞ്ചായത്തിൻ്റെ ഭാഗത്തല്ല തെറ്റ്. പഞ്ചായത്തിന് സാധനങ്ങൾ നൽകിയത് റവന്യൂ വകുപ്പാണ്. ഒരു സാധനവും പഞ്ചായത്ത് വാങ്ങിയതല്ലെന്നും സതീശൻ പറഞ്ഞു.

എഡിഎമ്മിൻ്റെ മരണത്തിൽ പിപി ദിവ്യക്ക് ജാമ്യം കിട്ടിയപ്പോൾ സ്വീകരിക്കാൻ പോയത് ഗോവിന്ദന്റെ ഭാര്യയാണ്. എന്തൊരു തട്ടിപ്പാണ് സിപിഎം നടത്തുന്നത്. ആരുടെ ബിനാമിയാണ് പ്രശന്തൻ? സിപിഎം ഇരയ്ക്ക് ഒപ്പമല്ല, മറിച്ച് വേട്ടക്കാരനൊപ്പമാണ്. നവീൻ ബാബുവിന്റെ മരണത്തിൽ ആദ്യം വ്യാജ രേഖ ചമച്ചത് എകെജി സെൻ്ററിൽ വെച്ചാണ്. പാർട്ടിയിൽ നിന്ന് തരം താഴ്ത്തിയ ആളെ സ്വീകരിക്കാൻ നേതാക്കൾ എന്തിനു പോയെന്നും സതീശൻ ചോദിച്ചു.

സംസ്ഥാനത്ത് ഉദ്യോഗസ്ഥർ തമ്മിൽ കൂട്ടയടിയാണ് നടക്കുന്നതെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. എഐഎസുകാർക്കിടയിലും ആർഎസ്എസ് നുഴഞ്ഞുകയറി. ഐഎഎസ് ഉദ്യോഗസ്ഥർക്കിടയിലെ തല്ലിൽ സർക്കാർ തീരുമാനം എടുക്കട്ടെ. മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേയെന്നും സതീശൻ ചോദിച്ചു.