പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രൻ്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

കശ്മീരിലെ പെഹൽഗാം ഭീകരാക്രമണത്തിൽ വെടിയേറ്റു മരിച്ച കൊച്ചി സ്വദേശി എൻ രാമചന്ദ്രൻ്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രി കെഎൻ ബാലഗോപാൽ, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ എന്നിവർക്കൊപ്പമാണ് മുഖ്യമന്ത്രി ഇടപ്പള്ളിയിലെ രാമചന്ദ്രന്റെ വീട്ടിലെത്തിയത്. രാമചന്ദ്രൻ്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചതിന് ശേഷം മുഖ്യമന്ത്രി മടങ്ങി.

Read more

കശ്മീരിൽ വിനോദയാത്രയ്ക്കു പോയ എൻ രാമചന്ദ്രൻ, ചൊവ്വാഴ്ചയാണ് മകളുടെയും കൊച്ചുമക്കളുടെയും മുന്നിൽവെച്ച് ഭീകരരുടെ വെടിയേറ്റു മരിച്ചത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തിൻ്റെ സംസ്‌കാര ചടങ്ങുകൾ നടത്തിയത്. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ രാമചന്ദ്രന്റെ വീട്ടിലെത്തിയിട്ടും മുഖ്യമന്ത്രി എത്താതിരുന്നതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.