സിഎംആര്‍എല്‍ കരിമണല്‍ ഖനനം; അനുമതി റദ്ദാക്കിയത് വിവാദങ്ങള്‍ക്ക് ശേഷം

സിഎംആര്‍എല്ലിന്റെ കരിമണല്‍ ഖനന ലൈസന്‍സ് റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം. കരിമണല്‍ ഖനന ലൈസന്‍സ് റദ്ദാക്കാന്‍ 2019ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതി നടപ്പാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സിഎംആര്‍എല്ലിന്റെ ലൈസന്‍സ് റദ്ദാക്കിയത് 2023 ഡിസംബര്‍ 18ന് ആയിരുന്നു.

ഖനനം പൊതുമേഖലയില്‍ മാത്രം മതിയെന്നും സ്വകാര്യ മേഖലയില്‍ ഇതിന് അനുമതി ഇല്ലെന്നുമായിരുന്നു ഭേദഗതി. ഇതിന് ശേഷം സംസ്ഥാന സര്‍ക്കാരിന് ലൈസന്‍സ് റദ്ദാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ നാല് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ലൈസന്‍സ് റദ്ദാക്കിയത്. അറ്റമിക് ധാതു ഖനനവുമായി ബന്ധപ്പെട്ടായിരുന്നു നിയമത്തില്‍ ഭേദഗതി വരുത്തിയത്.

ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെയും സുപ്രീംകോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സിഎംആര്‍എല്ലിന് ഖനന അനുമതി നല്‍കിയിരുന്നത്. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ഖനനം ആകാമെന്ന നിയമം നിലനിന്ന സാഹചര്യത്തിലായിരുന്നു അനുമതി.