സഹരകരണ സംഘങ്ങൾക്കെതിരായ നിലപാട് കടുപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). സഹകരണ സംഘങ്ങൾക്ക് മേലുള്ള നിയന്ത്രണം പരസ്യമാക്കി ആർബിഐ പരസ്യം പുറത്തിറക്കി. സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കരുതെന്നും സഹകരണ സംഘങ്ങളിലെ അംഗങ്ങൾ അല്ലാത്തവരിൽ നിന്നും നിക്ഷേപം സ്വീകരിക്കരുതെന്നും ആർബിഐ പരസ്യക്കുറിപ്പിൽ പറയുന്നു.
2020 സെപ്റ്റംബർ 29-ന് നിലവിൽ വന്ന ബാങ്കിംഗ് നിയന്ത്രണ ഭേദഗതി നിയമം, 2020 മുഖേന 1949- ലെ ബാങ്കിംഗ് നിയന്ത്രണ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. ഇത് പ്രകാരം ബാഅർ ആക്ട് 1949 ലെ വകുപ്പുകൾ അനുസരിച്ചോ അല്ലെങ്കിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുവദിച്ചതോ ഒഴികെയുള്ള സഹകരണ സംഘങ്ങൾ ബാങ്ക്, ബാങ്കർ, ബാങ്കിംഗ് എന്ന വാക്കുകൾ അവരുടെ പേരുകളുടെ ഭാഗമായി ഉപയോഗിക്കാൻ പാടില്ലെന്ന് ആർബിഐ പുറത്തിറക്കിയ പരസ്യ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
ഇത്തരം ബാങ്കുകൾക്ക് ബിആർ ആക്ട് 1949 പ്രകാരം ലൈസൻസ് നൽകിയിട്ടില്ലെന്നും ഇവയെ ബാങ്കിംഗ് ബിസിനസ് നടത്തുന്നതിന് ആർബിഐ അധികാരപ്പെടുത്തിയിട്ടില്ലെന്നും റിസർവ് ബാങ്ക് ചീഫ് ജനറൽ മാനേജർ യോഗേഷ് ദയാൽ വ്യക്തമാക്കി. ഇത്തരം സഹകരണ സംഘങ്ങളിലുള്ള നിക്ഷേപങ്ങൾക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻറ് ക്രഡിറ്റ് ഗ്യാരണ്ടി കോർപ്പേറേഷൻറെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ലെന്നും ജാഗ്രത പാലിക്കണമെന്നും ആർബിഐ വ്യക്തമാക്കുന്നു.