ഓഹരി കുതിപ്പില്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡ്; ഒരു ദിവസത്തെ നേട്ടം 20 ശതമാനം വര്‍ദ്ധന

ഓഹരി കുതിപ്പില്‍ കൊച്ചിന്‍ ഷിപ്‌യാര്‍ഡ്. ഓഹരി വിഭജനത്തെ തുടര്‍ന്നാണ് കൊച്ചിന്‍ ഷിപ്‌യാര്‍ഡിന്റെ ഓഹരി വിലയില്‍ വന്‍ മുന്നേറ്റമുണ്ടായിരിക്കുന്നത്. ഇന്ന് ഓഹരി വിഭജനത്തോടെ വ്യാപാരം ആരംഭിച്ചതിന് ശേഷമാണ് ഓഹരി വിലയില്‍ വന്‍ മുന്നേറ്റമുണ്ടായിരിക്കുന്നത്. 2024 ജനുവരി 10 മുതല്‍ ഓഹരി വിഭജിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

10 രൂപ മുഖവിലയുള്ള ഓഹരി 5 രൂപ വിലയുള്ള രണ്ട് ഓഹരികളാക്കി വിഭജിക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ശതമാനം നേട്ടത്തോടെ 1337.4 രൂപയായിരുന്നു ചൊവ്വാഴ്ചത്തെ ഓഹരി വില. ഓഹരി വിഭജനത്തോടെ പകുതിയായ 668.7 രൂപയില്‍ ആരംഭിച്ച ഇന്നത്തെ വ്യാപാരം അവസാനിച്ചത് 802.8 രൂപയിലായിരുന്നു.

ഓഹരി വിഭജനത്തോടെ 20 ശതമാനം വര്‍ദ്ധനവാണ് ഓഹരി വിലയില്‍ ഉണ്ടായിരിക്കുന്നത്. 13.15 കോടി ഓഹരികളുണ്ടായിരുന്നത് വിഭജനത്തോടെ 26.31 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സെപ്റ്റംബര്‍ വരെ 22,000 കോടി രൂപയുടെ കപ്പല്‍ നിര്‍മ്മാണ കരാര്‍ കമ്പനിക്ക് ലഭിച്ചിരുന്നു. ഇതിന് പുറമേ 488.25 കോടിയുടെ കരാര്‍ പ്രതിരോധ മന്ത്രാലയവുമായി കമ്പനി ഒപ്പ് വച്ചിരുന്നു.