പാലക്കാട്ടെ പ്ലാച്ചിമട പ്ലാന്റ് സര്‍ക്കാരിന് സൗജന്യമായി കൈമാറാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് കൊക്കകോള കമ്പനി. ഇക്കാര്യം അറിയിച്ച് ഹിന്ദുസ്ഥാന്‍ കൊക്കകോള ലിമിറ്റഡ് മുഖ്യമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. .എന്നാല്‍ ഈ നീക്കത്തിനെതിരെ സമരസമിതി രംഗത്ത് വന്നു. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാതിരിക്കാനുള്ള കമ്പനിയുടെ തന്ത്രപരമായ നീക്കമാണിതെന്നാണ് സമരസമിതിയുടെ ആരോപണം.
പെരുമാട്ടി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കോള കമ്പനി വരുത്തിയ നാശത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്ലാച്ചിമട സമരസമിതി വീണ്ടും സമരം ശക്തമാക്കിയിരിക്കെയാണ് ഈ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.
അതേസമയം, കമ്പനിയുടെ കെട്ടിടത്തില്‍ കാര്‍ഷികോത്പനങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാനുള്ള കേന്ദ്രം തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി തഹസീല്‍ദാറുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലം അളന്ന് തിട്ടപ്പെടുത്തി.
ശക്തമായ ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് 2004ല്‍ കൊക്കകോള കമ്പനി പ്രവര്‍ത്തനം നിര്‍ത്തിയെങ്കിലും ജലമലിനീകരണം ഉള്‍പ്പെടെ വലിയ നാശമാണ് കമ്പനി വരുത്തിവെച്ചത്. കുടിവെള്ളം പോലും കാശു കൊടുത്ത് വാങ്ങേണ്ട ഗതികേടിലാണ് സാധാരണക്കാരായ പ്രദേശവാസികള്‍. പലര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. 2011ല്‍ നിയമസഭ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്ല് പാസ്സാക്കി രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചിരുന്നു. എന്നാല്‍ വ്യക്തതക്കുറവിന്റെ പേരില്‍ ബില്ല് മടക്കുകയായിരുന്നു.