അകലെ മാറി നിന്ന വീട്ടമ്മമാരെ കണ്ട് നവകേരള സദിസിലേക്ക് ക്ഷണിച്ചതേ ഓർമ്മയുള്ളു ധനമന്ത്രി കെ എൻ ബാലഗോപാലിന്. പിന്നെ നടന്നത് ഒരു സ്വപ്നമാകണേ എന്നാവും മന്ത്രിയുടെ പ്രാർത്ഥന. അത്തരത്തിലാണ് വീട്ടമ്മമാർ മന്ത്രിയെ ചോദ്യം ചെയ്തത്. ഓമശ്ശേരിയിലെ പെന്‍ഷന്‍ കളക്ഷന്‍ ഏജന്റുമാരായ ഒരുകൂട്ടം വീട്ടമ്മമാരാണ് മന്ത്രിയോട് പെൻഷൻ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട കമ്മീഷന്‍ ചോദിച്ചത്.
അതുമാത്രമല്ല വീടുകളിൽ പെൻഷൻ വിതരണം ചെയ്യുന്ന കളക്ഷൻ ഏജന്റുമാർ കമ്മീഷൻ വെട്ടിക്കുറച്ചതിനെതിരെ മന്ത്രിയോട് നേരിട്ട് പ്രതിഷേധിക്കുകയായിരുന്നു. ഏജന്റുമാരുടെ കമ്മിഷൻ 40 രൂപയിൽ നിന്ന് 25 ആക്കി കുറച്ചതിലും രോഷത്തിലായിരുന്നു പരാതിക്കാർ. അതോടെ മന്ത്രി വെട്ടിലായി. പരിക്കില്ലാത്തവിധം സ്ഥിരം മറുപടി പറഞ്ഞായിരുന്നു മന്ത്രിയുടെ തടിതപ്പൽ.
പണം ലഭിക്കാൻ രണ്ട് മൂന്നു മാസം സമയമെടുത്തേക്കാമെന്ന് പറഞ്ഞ മന്ത്രിയോട് 2021 നവംബര്‍ മുതലുളള കമ്മീഷന്‍ ലഭിക്കാനുണ്ടെന്ന് മറുപടി നല്‍കി. നിങ്ങളുടേത് പ്രത്യേക കേസായിരിക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി. തനിക്ക് മാത്രമല്ല ഓമശേരിയിലെ ഏജന്‍റുമാര്‍ക്കാര്‍ക്കും ലഭിച്ചിട്ടില്ലെന്നും കൊടുവളളിയില്‍ കൊടുവളളിയില്‍ നിവേദനം കൊടുത്തിട്ടും നടപടിയൊന്നും കണ്ടില്ലെന്നും പറഞ്ഞതോടെ മന്ത്രിയ്ക്ക് മറുപടി ഇല്ലാതായി.ചിരിച്ച് കൈവിശിയൊഴിഞ്ഞ് മന്ത്രി നടന്നകന്നു.
ഏതായാലും പരാതി പറച്ചിലും പ്രതിഷേധവുമെല്ലാം മുറയ്ക്ക നടന്നെങ്കിലും കൃത്യമായ മറുപടിയോ പ്രശ്ന പരിഹാരമോ അവിടെ നടന്നില്ലെന്നതാണ് വാസ്തവം. നിരാശരായി നിന്ന വീട്ടമ്മമാരോട് മന്ത്രിയുമായി സംസാരിച്ചില്ലേ, സന്തോഷമായില്ലേ എന്നാശ്വസിപ്പിച്ചുകൊണ്ട് ഒപ്പമുള്ള നേതാവും പതിയെ തടിതപ്പുകയായിരുന്നു.